Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനമല്ല, രഘുറാം രാജന്റെ നയങ്ങളാണ് വില്ലൻ: നീതി ആയോഗ് ഉപാധ്യക്ഷൻ

rajiv-kumar-raghuram-rajan രാജീവ് കുമാർ, രഘുറാം രാജൻ‌

ന്യൂഡൽഹി∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ നയങ്ങളാണെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. നിഷ്ക്രിയ ആസ്തികളുമായി ബന്ധപ്പെട്ടു രഘുറാം രാജൻ സ്വീകരിച്ച നയങ്ങളുടെ പോരായ്മയാണു വളർച്ചാനിരക്കിനെ ബാധിച്ചത്. അല്ലാതെ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതല്ല – വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ രാജീവ് കുമാർ വ്യക്തമാക്കി.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ കാര്യമായ കുറവു വന്നിരുന്നു. നോട്ടുനിരോധത്തിനു പിന്നാലെയാണ് ഇതു സംഭവിച്ചത് എന്നതുകൊണ്ടു നോട്ടുനിരോധനമാണ് ഇതിനു കാരണം എന്ന് അർഥമില്ല. ഈ സമയത്ത് സമ്പദ് വ്യവസ്ഥയിൽ മൊത്തത്തിൽ ഒരു ഇടിവു സംഭവിച്ചിരുന്നു. 2015–16 സാമ്പത്തിക വർഷത്തിന്റെ അവസാന പാദം മുതൽ തുടർച്ചയായി ആറു പാദങ്ങളിൽ ഈ ഇടിവു തുടർന്നു – രാജീവ് കുമാർ ചൂണ്ടിക്കാട്ടി.

ഈ ഇടിവിനു പിന്നിലെ കാരണങ്ങളിലേക്കു വിരൽ ചൂണ്ടവെയാണ്, രഘുറാം രാജന്റെ ചില നയങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു രാജീവ് കുമാർ ആരോപണം ഉയർത്തിയത്. രഘുറാം രാജന്റെ ചില സാമ്പത്തിക നയങ്ങൾ ബാങ്കിങ് മേഖലയിൽ നിഷ്ക്രിയ ആസ്തി കുമിഞ്ഞുകൂടാൻ ഇടയാക്കിയെന്നാണ് ആക്ഷേപം.

2014 മേയ് മാസത്തിൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തി നാലു ലക്ഷം രൂപയായിരുന്നു. എന്നാൽ, 2017 പകുതിയായപ്പോഴേക്കും ഇത് 10.5 ലക്ഷം കോടിയായി ഉയർന്നു. ഇതോടെ ബാങ്കുകൾ വായ്പ നൽകുന്നതു കുറയ്ക്കുകയും തൽഫലമായി സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ ക്ഷീണിക്കുകയും ചെയ്തു – രാജീവ് കുമാർ പറഞ്ഞു.

2016–17 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി വളർച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞിരുന്നു. നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നു മാസങ്ങളുൾപ്പെടുന്നതാണ് ഈ പാദം. അടുത്ത പാദത്തിൽ (2017–18) സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം) ഇതു വീണ്ടും കുറഞ്ഞ് 5.7 ശതമാനമായി.