Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമാസത്തിനകം വരുന്നത് ഒരു ഡസനിലേറെ ചരിത്രവിധികൾ; ശബരിമലയിലും വിധി വരും

dipak-mishra-supreme-court

ന്യൂഡൽഹി ∙ ദീപക് മിശ്ര സുപ്രീകോടതി ചീഫ് ജസ്റ്റിസ് പദവി ഒഴിയാന്‍ കൃത്യം ഒരുമാസം. വാദം പൂര്‍ത്തിയാക്കിയ ഒട്ടേറെ കേസുകളില്‍ ഒക്ടോബര്‍ രണ്ടിന് മുന്‍പ് ദീപക് മിശ്രയ്ക്ക് വിധി പറയേണ്ടതുണ്ട്. ആധാര്‍ കേസും ശബരിമലയും ഉള്‍പ്പെടെ.

അയ്യപ്പന്‍റെ നട സ്ത്രീകള്‍ക്കു മുന്നില്‍ തുറക്കുമോ?

ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയിലുളള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും തന്ത്രികുടുംബത്തിന്‍റെയും എതിര്‍പ്പുകളെ സുപ്രീംകോടതി ഭരണഘടനാബെഞ്ച് മാനിക്കുമോയെന്ന് ഒരുമാസത്തിനകം അറിയാം. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദമാണു സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നും വിശ്വാസത്തിന്‍റെ വിശ്വാസ്യതയെ മാത്രമെ ചോദ്യം ചെയ്യാന്‍ കഴിയുകയുളളുവെന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു. പ്രത്യേക പ്രായപരിധിയിലുളള സ്ത്രീകള്‍ക്കു വിവേചനം ഏര്‍പ്പെടുത്തുന്നതിനെ അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ആര്‍.എഫ്. നരിമാനും ചോദ്യം ചെയ്തത്. അത്യന്താപേക്ഷിതമായ ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ലെന്നും ജഡ്ജിമാര്‍ നിലപാടെടുത്തു. അഞ്ചംഗബെഞ്ചില്‍ ഒരു വനിതാ ജഡ്ജിയുമുണ്ട്, ഇന്ദു മല്‍ഹോത്ര. സ്ത്രീപ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്നതു പ്രധാനമാണ്.

ആധാറും സ്വകാര്യതയും

രാജ്യത്തെ 95% പേരും ആധാര്‍ കാര്‍ഡ് എടുത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. സ്വകാര്യതയ്ക്കു നേരേയുളള കടന്നുകയറ്റമാണ് ആധാറെന്ന വാദം ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുമോയെന്നതാണു പ്രധാനചോദ്യം. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചതിന്റെ വെളിച്ചത്തില്‍ കോടതി ആധാര്‍വിഷയത്തെ എങ്ങനെ സമീപിക്കുമെന്നതാണു പ്രധാനം. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാര്‍ തട്ടിയെടുക്കാതെ നേരിട്ടു ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനാണ് ആധാര്‍ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നു കേന്ദ്രം വാദിക്കുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോയെന്നു കോടതി പ്രകടിപ്പിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടക്കം കാര്യങ്ങള്‍ക്കു ഡേറ്റ ഉപയോഗിക്കപ്പെടുമോയെന്ന സന്ദേഹവും വാദത്തിനിടെ കോടതി പങ്കുവച്ചിരുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമോയെന്നും കോടതി വിധിയിലൂടെ വ്യക്തമാകും. സദുദ്യേശത്തോടെ കൊണ്ടുവന്ന ആധാര്‍ പദ്ധതി, ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്കുളള മറുപടി കൂടിയാകും സുപ്രീംകോടതി വിധി.

ബാബറി മസ്ജിദ് കേസ്

ബാബറി മസ്ജിദ് തര്‍ക്കത്തില്‍ അന്തിമവിധി ദീപക് മിശ്രയില്‍ നിന്നുണ്ടാകില്ല. പക്ഷേ, വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യത്തില്‍ വിധി വന്നേക്കും. ഭരണഘടനാ ബെഞ്ചിലേക്കു പോയാല്‍ വെറും സ്വത്തുതര്‍ക്കം എന്നതില്‍നിന്നു രാജ്യത്തി‍ന്‍റെ മതേതര സ്വഭാവത്തെ ബാധിക്കുന്ന വിഷയം എന്ന നിലയില്‍ കേസ് ഉയര്‍ത്തപ്പെടും.

മഴവില്‍ വര്‍ണങ്ങള്‍

ജീവിക്കാനുളള സ്വാതന്ത്ര്യം ചോദിച്ചു സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് എന്തു മറുപടി നല്‍കും? ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനമാണു പുലര്‍ത്തുന്നതെന്ന് വാദത്തിനിടെ കോടതി ശരിവച്ചിരുന്നു. സമൂഹത്തിന്‍റെ മനോഭാവം കാരണം തങ്ങളുടെ യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. പൊതുസമൂഹത്തിന്‍റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണു കോടതി പ്രവര്‍ത്തിക്കുന്നതെന്ന ദീപക് മിശ്രയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പു റദ്ദാക്കിയാല്‍ തന്നെ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നു ലൈംഗിക ന്യൂനപക്ഷങ്ങള്‍ പറയുന്നു.

വിവാഹേതരബന്ധവും തുല്യനീതിയും

വിവാഹേതരബന്ധക്കേസുകളില്‍ സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലും ദീപക് മിശ്രയുടെ ബെഞ്ച് വിധി പറഞ്ഞേക്കും. പങ്കാളിക്കൊപ്പം ഉറച്ചുനില്‍ക്കണമെന്നു നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിനാകില്ലെന്ന കൃത്യമായ സൂചന കോടതി നല്‍കിയിട്ടുണ്ട്. വിവാഹബന്ധത്തിനു പുറത്തു രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നു ചോദിച്ചതു വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ്. വിവാഹേതരബന്ധങ്ങള്‍ കുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ഇതിനു പുറമെ സര്‍ക്കാര്‍ സര്‍വീസിലെ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തണം, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പുകളില്‍നിന്നു വിലക്കണം, കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം തുടങ്ങി ഒരുപിടി കേസുകളിലും വിധി വന്നേക്കും. ഇതില്‍ മിക്ക കേസുകളിലും മലയാളികളാണു കക്ഷികളെന്നതും ശ്രദ്ധേയമാണ്.

related stories