Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനുള്ള സൈനിക സഹായം: പുറത്തുവരുന്നത് വളച്ചൊടിച്ച വാർത്തകളെന്ന് പെന്‍റഗൺ

flag

വാഷിങ്ടൻ∙ ഹഖാനി നെറ്റ്‍വർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ തീവ്രവാദ സംഘങ്ങൾക്കുമെതിരെ വിവേചനം കൂടാതെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ പാക്കിസ്ഥാൻ തയാറാകണമെന്നു പെന്‍റഗൺ. പാക്കിസ്ഥാനുള്ള സൈനിക സഹായം സംബന്ധിച്ച് വളച്ചൊടിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും യുഎസ് വ്യക്തമാക്കി. ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടി വേണമെന്ന നിർദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ സൈനിക സഹായം പിൻവലിക്കാൻ തീരുമാനിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണു വിശദീകരണം.

പാക്കിസ്ഥാനുള്ള സൈനിക സഹായം പിൻവലിച്ചത് 2018 ജനുവരിയിലാണെന്നും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വസ്തുതകള്‍ വളച്ചൊടിച്ചാണ് ഇപ്പോള്‍ വാർത്തകൾ വരുന്നതെന്നും പെന്‍റഗൺ വക്താവ് ലഫ്റ്റനന്‍റ് കേണൽ കോൻ ഫോക്ക്നർ പറഞ്ഞു. സൈനിക സഹായം താൽക്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. ഇതൊരു പുതിയ തീരുമാനമോ പ്രഖ്യാപനമോ അല്ല. ഫണ്ടുകൾ കാലാവധി കഴിഞ്ഞ് നഷ്ടമാകുന്നതു തടയാനായി ജൂലൈയിൽ നടത്തിയ ഒരു അഭ്യർഥനയുടെ സ്ഥിരീകരണം മാത്രമാണെന്നും പെന്‍റഗൺ വക്താവ് കൂട്ടിച്ചേർത്തു.

50 കോടി ഡോളറിന്‍റെ സൈനിക സഹായമാണ് തീവ്രവാദം തടയാനായി പാക്കിസ്ഥാനു വാഗ്ദാനം ചെയ്തത്. എന്നാൽ ഫലപ്രദമായ നടപടികളുടെ അഭാവം കണക്കിലെടുത്ത് ഇതിൽ 30 കോടി മറ്റ് അടിയന്തര പദ്ധതികൾക്കായി ചെലവിടാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 30ന് കാലാവധി തീരുന്നതിന് മുമ്പ് ഫണ്ട് പൂർണമായും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടിയായിരുന്നു ഈ തീരുമാനം. താൽക്കാലികമായി മറ്റു പദ്ധതികൾക്കു ഫണ്ട് വിനിയോഗിക്കാനുള്ള ഈ തീരുമാനത്തിന് കോൺഗ്രസിന്‍റെ അനുമതി ലഭിക്കണമെന്നും ഫോക്ക്നർ വ്യക്തമാക്കി.

ഹഖാനി നെറ്റ്‍വർക്ക്, ലഷ്കറെ തയിബ തുടങ്ങിയ തീവ്രവാദി സംഘങ്ങൾക്കെതിരെ നടപടി വേണമെന്നും താലിബാൻ നേതൃത്വത്തെ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ സമാധാന ചർച്ചകൾക്കു പ്രേരിപ്പിക്കുകയോ ചെയ്യണമെന്നും പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമായ സ്ഥിരതക്കും സുരക്ഷിതത്വത്തിനും ഭീഷണിയായ എല്ലാ തീവ്രവാദ സംഘടനകൾക്കുമെതിരെയുള്ള നടപടികൾ സംബന്ധിച്ച് പാക്ക് സൈന്യത്തിലെ ഉന്നതരുമായി പെന്‍റഗൺ ജനുവരി മുതല്‍ സ്ഥിരമായി ബന്ധപ്പെടുന്നുമുണ്ട്. അഫ്ഗാനിസ്ഥാന്‍റെ സമാധാനപരമായ ഭാവി സംബന്ധിച്ച ഒരു ഏകീകൃത കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നടപടികൾ.

സൈനിക സഹായം പിന്‍വലിക്കാൻ യുഎസ് തീരുമാനിച്ചെന്ന പുതിയ വാർത്തകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഉലച്ചേക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയുടെ പാക്കിസ്ഥാൻ സന്ദർശന സമയത്ത് വിഷയം ചർച്ച ചെയ്യുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പിൻവലിച്ചത് സൈനിക സഹായമല്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടിനു പിന്തുണയായി നൽകിയ സഹായമാണെന്നുമാണ് പാക്കിസ്ഥാൻ നിലപാട്. മൈക് പോംപെയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്‍ച ബുധനാഴ്ച ഇസ്‍ലാമാബാദിൽ നടക്കും.