മനുഷ്യ ദുരന്തത്തിന് വിത്തു പാകരുത്; സിറിയ, റഷ്യ, ഇറാൻ രാജ്യങ്ങൾക്കു മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ സിറിയയിൽ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യ ആക്രമിക്കുന്നതിനെതിരെ സിറിയയ്ക്കും റഷ്യയ്ക്കും ഇറാനും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരുതലില്ലാതെ ഇദ്‌ലിബ് പ്രവിശ്യയെ പ്രസിഡന്‍റ് ബഷാർ അൽ അസദ് ആക്രമിക്കരുതെന്നും വലിയൊരു മനുഷ്യ ദുരന്തത്തിലേക്കു നയിച്ചേക്കാവുന്ന ഈ ആക്രമണത്തിൽ പങ്കുചേരുകയാണെങ്കിൽ റഷ്യയും ഇറാനും മനുഷ്യത്വപരമായി വലിയൊരു അപരാധമാകും ചെയ്യുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പതിനായിരങ്ങളുടെ മരണത്തിലേക്ക് ഇതു നയിച്ചേക്കും. ഒരിക്കലും സംഭവിക്കാൻ സമ്മതിക്കരുതെന്നും യുഎസ് പ്രസിഡന്‍റ് മുന്നറിയിപ്പു നൽകി. ഏഴു വർഷമായി സിറിയയിൽ തുടരുന്ന സംഘര്‍ഷത്തിൽ ഇതുവരെ കാണാത്ത അത്ര മനുഷ്യ ദുരന്തത്തിലേക്കു നയിക്കുന്നതാകും ഇദ്‌ലിബിനു മേലുള്ള സമ്പൂർണ ആക്രമണമെന്നു യുഎസും സഖ്യകക്ഷികളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വിമതരുടെയും തീവ്രവാദികളായ പോരാളികളുടെയും നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യ വളയാനുള്ള നീക്കത്തിലാണു സിറിയൻ സൈന്യം. ഇദ്‌ലിബിലെ തീവ്രവാദി സംഘങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള റഷ്യയും ഇറാനും അസദ് ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങളെ പിന്തുണയ്ക്കുമെന്നാണു വിലയിരുത്തൽ.

2011ല്‍ ആരംഭിച്ച സിറിയ സംഘർഷത്തിൽ അസദിനു സാമ്പത്തികവും സായുധപരവുമായ പരിപൂർണ പിന്തുണയാണ് ഇറാനും റഷ്യയും നൽകിവരുന്നത്. ഇദ്‌ലിബിനെ ആക്രമിക്കുക വഴി ഉണ്ടാകാൻ സാധ്യതയുള്ള വൻ ദുരന്തം ഇപ്പോഴും ഒഴിവാക്കാവുന്നതാണെന്നു ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ഇന്‍റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. ഇദ്‌ലിബ് ആക്രമണം വിജയകരമാകണമെങ്കിൽ റഷ്യയുടെ വ്യോമ സഹായം അനിവാര്യമാണെന്നും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാകുന്നതാകും ഇത്തരമൊരു നീക്കമെന്ന യാഥാർഥ്യം റഷ്യ മനസിലാക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ശക്തമായ മുന്നറിയിപ്പുമായി രംഗത്തിറങ്ങുന്നതിനിടയിലും സിറിയയിലെ അന്തിമ വിജയം അസദിനും കൂട്ടുകാർക്കുമാകാനിടയുണ്ടെന്ന സത്യം ട്രംപ് ഭരണകൂടം തിരിച്ചറിയുന്നുണ്ടെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. സിറിയയിൽനിന്ന് അമേരിക്കന്‍ സേനയെ എത്രയും പെട്ടെന്നു തിരികെ വിളിക്കണമെന്ന മുൻ നിലപാടിൽ പ്രകടമായ മാറ്റത്തിനു ട്രംപ് തയാറാകാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.