Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർദിക്കിന്റെ ആരോഗ്യനില മോശം; പിന്തുണച്ച് കൂടുതൽ നേതാക്കൾ, ബിജെപി സമ്മർദത്തിൽ

Hardik-Patel നിരാഹാരമിരിക്കുന്ന ഹര്‍ദിക് പട്ടേലിനെ മെഡിക്കല്‍ സംഘം പരിശോധിക്കുന്നു

അഹമ്മദാബാദ്∙ പട്ടേൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹർദിക് പട്ടേലിന്റെ ആരോഗ്യനില മോശമാകുന്നതായി ഡോക്ടർമാർ. ഹർദിക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ് ഹർദിക്. ഗുജറാത്ത് സർക്കാരിനെതിരായ പരസ്യവെല്ലുവിളിയെന്ന തരത്തിലാണു സമരം.

ജോലി, വിദ്യാഭ്യാസ പ്രവേശനം, കർഷകവായ്പ എന്നിവയിൽ സംവരണം അനുവദിക്കണമെന്നാണ് പട്ടേൽ വിഭാഗത്തിന്റെ ആവശ്യം. ഹർദിക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നു പറഞ്ഞ സർക്കാർ, കോൺഗ്രസാണു സമരത്തിന് പണം മുടക്കുന്നതെന്നും ആരോപിച്ചു. ഹർദിക്കിനെ ചികിൽസിക്കാൻ ഡോക്ടർമാരുടെ ഒരു സംഘം തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഐസിയു സംവിധാനമുള്ള ആംബുലൻസ് തയാറാണെന്നും മന്ത്രി സൗരഭ് പട്ടേൽ പറഞ്ഞു.

അതേസമയം, സമരം നടത്തുന്ന ഹർദിക് പട്ടേലിന് ദിവസം ചെല്ലുന്തോറും പിന്തുണ വർധിക്കുന്നത് ബിജെപിയേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഹർദിക്കിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡ എന്നിവർ എത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ്, എൻസിപി, ആർജെഡി എന്നി പാർട്ടി പ്രതിനിധികളും കഴിഞ്ഞ ദിവസം അദ്ദേഹത്തെ സമരപ്പന്തലിലെത്തി സന്ദർശിച്ചിരുന്നു.

പട്ടേൽ സംവരണത്തിന്റെ പിന്നിൽ കോൺഗ്രസാണെന്നും സർക്കാരിനെതിരായ ആയുധമായിട്ടാണ് അവർ ഇതിനെ ഉപയോഗിക്കുന്നതെന്നും സൗരഭ് പട്ടേൽ ആരോപിക്കുന്നു. കോൺഗ്രസിൽനിന്നുള്ളവരാണു കഴിഞ്ഞ പതിനൊന്നു ദിവസമായി ഹർദിക്കിനെ സന്ദർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവരണമാവശ്യപ്പെട്ട് 2015ൽ നടത്തിയ പ്രക്ഷോഭത്തിലൂടെയാണു പട്ടേൽ വിഭാഗത്തിന്റെ പ്രശ്നങ്ങൾ മുന്നോട്ടെത്തിയത്.