Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോത്സവവും ഫിലിം ഫെസ്റ്റിവലും ഇല്ല; ഒരു വർഷത്തേക്ക് ആഘോഷങ്ങൾ ഒഴിവാക്കി സർക്കാർ

Ernakulam-Flood പ്രളയദിനത്തിലെ കാഴ്ച (ഫയൽ ചിത്രം)

തിരുവനന്തപുരം∙പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്രോത്സവം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള കലോത്സവങ്ങളും യുവജനോത്സവങ്ങളും ടൂറിസം വകുപ്പിന്റേത് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

അമേരിക്കയിലേക്കു പോകുന്നതിനു മുൻപ് മുഖ്യമന്ത്രി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടി ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ അറിഞ്ഞത് ഇന്ന് ഉത്തരവ് ഇറങ്ങിയപ്പോൾ മാത്രം. മന്ത്രിസഭയിൽ ആലോചിക്കുകയോ ബന്ധപ്പെട്ട മന്ത്രിമാരെ അറിയിക്കുകയോ ചെയ്യാതെയാണു തീരുമാനം. രാജ്യാന്തര ചലച്ചിത്രോത്സവ നടത്തിപ്പു സംബന്ധിച്ചു മന്ത്രി എ.കെ.ബാലൻ ഇന്നു ചലച്ചിത്ര അക്കാദമി അധികൃതരുടെ യോഗം വിളിച്ചിരിക്കെയാണ് ഉത്തരവിറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ സംസ്ഥാന സ്കൂൾ കലോത്സവം മാറ്റി വയ്ക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്നു രാവിലെ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടു പിന്നാലെ പൊതുഭരണ വകുപ്പിന്റെ ഉത്തരവും ഇറങ്ങി. ആലപ്പുഴ നെഹ്റു ട്രോഫി വള്ളം കളി നടത്തണമെന്ന അഭിപ്രായത്തിൽ ചില മന്ത്രിമാർ മുന്നോട്ടു പോകുന്നതിനിടെയാണ് ആഘോഷം വിലക്കിയത്. ടൂറിസം വകുപ്പിനു കീഴിലുള്ള സമാനമായ എല്ലാ ആഘോഷ പരിപാടികൾക്കും ഒരു വർഷത്തെ വിലക്കുണ്ട്. ഇതിനു വേണ്ടി നീക്കി വച്ച തുക വകുപ്പു മേധാവികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.