Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പടരുന്നു; ഇന്ന് അഞ്ചു മരണം, രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്

FEVER പനിബാധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവർ (ഫയൽ ചിത്രം).

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി എലിപ്പനി ബാധിച്ചു മരിച്ചു. 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന മറ്റു ജില്ലകളിലും രോഗവ്യാപനം തടയാനുള്ള തീവ്ര നടപടികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കുന്നതിനൊപ്പം എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

എലിപ്പനി തടയുന്നതില്‍ ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായതു ഗുരുതരമായ വീഴ്ചയാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്. യഥാസമയം മുന്നറിയിപ്പു നല്‍കാനോ പ്രതിരോധ മരുന്നു വിതരണം ചെയ്യാനോ തയാറാകാതിരുന്ന ആരോഗ്യവകുപ്പ് രോഗം പകരാന്‍ തുടങ്ങിയപ്പോഴാണു നടപടി സ്വീകരിച്ചു തുടങ്ങിയതെന്നാണ് ആരോപണം.

എലിപ്പനി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തികഞ്ഞ ജാഗ്രതക്കുറവാണു കാട്ടിയത്. പ്രതിരോധ മരുന്നു വിതരണം നടത്തിയതാകട്ടെ പേരിന് മാത്രവും. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധിക്കു സാധ്യതയുണ്ടെന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ഇക്കാര്യം മുഖവിലയ്ക്കെടുക്കാനും ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല. ഇതും എലിപ്പനിയുടെ വ്യാപനം കുത്തനെ കൂട്ടിയതായിട്ടാണു വിലയിരുത്തൽ.