Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദലിത്' ഇനി വേണ്ട; വാക്ക് വിലക്കി കേന്ദ്രം; ചാനലുകൾക്ക് കത്തയച്ചു

Television Mike - Journalism പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ 'ദലിത്' എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദേശം. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിർദേശം വന്നിട്ടുള്ളത്. മാധ്യമങ്ങൾ വാർത്തകൾ നൽകുമ്പോൾ ‘ദലിത്’ എന്ന് ഉപയോഗിക്കാതിരിക്കാൻ നിർദേശം നൽകണമെന്നു മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നേരത്തെ നിർദേശം നൽകിയിരുന്നു. പങ്കജ് മെശ്രാം എന്ന വ്യക്തി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

'ദലിത്' എന്നതിനു പകരം പട്ടികജാതി എന്നുതന്നെ ഉപയോഗിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്ക് നിർദേശം നൽകി കേന്ദ്ര സാമൂഹിക നീതി വകുപ്പ് 2018 മാർച്ചിൽ സര്‍ക്കുലർ പുറത്തിറക്കിയിരുന്ന കാര്യവും സ്വകാര്യ ചാനലുകൾക്കയച്ച കത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാപദമായ ‘ഷെഡ്യൂൾഡ് കാസ്റ്റ്’ എന്നതിനുപകരം ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്. ഷെഡ്യൂൾഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള പരിഭാഷകൾ ഉപയോഗിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.

കോടതി ഉത്തരവുകൾ കണക്കിലെടുത്താണ് നടപടിയെങ്കിലും ഇത് ഇതിനോടകം വിവാദമായിട്ടുണ്ട്. 'ദലിത്' എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകൾ അവസാനിക്കുന്നില്ലെന്നാണു രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതിക്കാർ നേരിടുന്ന ക്രൂരതകൾ റിപ്പോർട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.

‘കാലങ്ങളായി ഉപയോഗിച്ചുവരുന്ന വാക്കാണു ‘ദലിത്’ എന്നത്. മാധ്യമങ്ങൾ മാത്രമല്ല, രാഷ്ട്രീയനേതാക്കളും അക്കാദമിക് വിദഗ്ധരുമെല്ലാം ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്നു മനസ്സിലാകുന്നില്ല. ചർച്ചകളിൽ പങ്കെടുക്കാനെത്തുന്ന അതിഥികളോടു ദലിത് എന്നുപയോഗിക്കരുത് എന്നൊക്കെ പറയാനാകുമോ?’ – ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷൻ പ്രതികരിച്ചു. ജനുവരി 15ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഔദ്യോഗികരേഖകളിലും മറ്റും ദലിത് എന്ന വാക്കുപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.

related stories