Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. ശശിക്കെതിരായ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല: ഇ.പി. ജയരാജൻ

EP Jayarajan ഇ.പി. ജയരാജൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്നം വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. ആഘോഷ പരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ല. കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ കൈകോർക്കുന്ന രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ കെപിഎംജിയെയും ഇ.പി. ജയരാജൻ അനുകൂലിച്ചു. പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പി.കെ. ശശിക്കെതിരായ പീഡനപരാതി ഒതുക്കാൻ യുവനേതാക്കളുടെ ഇടപെടൽ

പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പീഡനപരാതിയില്‍ പാലക്കാട്ടെ ഡിവൈഎഫ്െഎ നേതൃത്വം പ്രതിരോധത്തില്‍. യുവതിയുടെ പരാതി കിട്ടിയില്ലെന്നാണു ജില്ലാ സെക്രട്ടറി പറയുന്നതെങ്കിലും പരാതി ഒഴിവാക്കാന്‍ ചില യുവ നേതാക്കള്‍ ഇടപെട്ടതായാണ് വിവരം. ശശിയെ സംരക്ഷിച്ച നിലപാടിനെതിരെ ഡിവൈഎഫ്െഎയിലും ഭിന്നത രൂക്ഷമാണ്. വനിതാ മെമ്പര്‍മാര്‍ ധാരാളമുളള സംഘടനയാണ് ഡിവൈഎഫ്െഎ.

പീഡന പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടാണു ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പ്രേംകുമാറിന്റേത്. ലഭിക്കാത്ത പരാതിെയക്കുറിച്ചു ഡിവൈഎഫ്െഎ എന്തു നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഒന്നുമറിഞ്ഞില്ല. പരാതി കിട്ടിയില്ല എന്നു പറയുന്ന പ്രേംകുമാറിനെതിെരയാണു ഡിവൈഎഫ്െഎ ഭാരവാഹികളില്‍ ചിലരുടെ വിയോജിപ്പ്.

എല്ലാമറിഞ്ഞിരുന്ന യുവനേതൃത്വം പരാതി ഇല്ലാതാക്കാനാണു ശ്രമിച്ചതെന്നും ആദ്യഘട്ടത്തില്‍ പരാതിക്കാരിയോടു ചര്‍ച്ച നടത്തിയതും ഇതേ നേതാക്കള്‍ തന്നെയാണെന്നും ആരോപണമുണ്ട്. പണവും ഉന്നതസ്ഥാനവും നല്‍കാമെന്ന വാഗ്ദാനവുമുണ്ടായി. യുവതി ഒത്തുതീര്‍പ്പിനു വഴങ്ങില്ലെന്നു മനസിലായപ്പോഴാണ് ആ ശ്രമം പാളിയത്. മുന്‍പ് ഇതേ പരാതിക്കാരിയുടെ പേര് ഉപയോഗിച്ചു ഡിവൈഎഫ്െഎയിലെ രണ്ടു പുരുഷ നേതാക്കളെ പി.കെ. ശശി എംഎല്‍എ മോശക്കാരനാക്കാന്‍ ശ്രമിച്ചെന്ന പ്രചാരണവും പ്രവര്‍ത്തകരില്‍ ചര്‍ച്ചയാണ്. അതിനാല്‍ ആരോപണവിധേയനായ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കണമെന്നാണു ഡിവൈഎഫ്െഎയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം.

മാത്രമല്ല, ഡിവൈഎഫ്െഎ വനിതാ നേതാവിന്റെ പരാതി ചില യുവനേതാക്കള്‍ തന്നെ ഇല്ലാതാക്കിയതിനു തെളിവുകളുണ്ടെന്നാണു വിവരം. എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം അവ യഥാസമയം പുറത്തുവിടാനാണു നീക്കമെന്നും സൂചനയുണ്ട്.

related stories