Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മൂന്നു തവണ മാറ്റിയ കല്യാണം നടത്തിയേ തീരൂ'; മുട്ടോളം വെള്ളത്തിൽ ക്ഷണക്കത്തുമായി ഒരു അച്ഛൻ

വിഡിയോ സ്റ്റോറി കാണാം

ആലപ്പുഴ∙ നിശ്ചയിച്ചുപോയൊരു വിവാഹം നടത്താന്‍ കഷ്ടപ്പെടുന്നൊരു അച്ഛന്റെ സങ്കടമാണ് ഈ കുട്ടനാടന്‍ വാര്‍ത്ത. വെള്ളക്കെട്ടു കാരണം മൂന്നുതവണ മാറ്റിവച്ച ഇളയ മകളുടെ വിവാഹം നടത്താനാണു കൈനകരി സ്വദേശി തങ്കപ്പന്‍ നാടായ നാടെല്ലാം നീന്തിനീങ്ങുന്നത്. ദുരിതാശ്വാസ ക്യാംപിലാണ് ഇപ്പോഴും ഈ കുടുംബത്തിന്റെ താമസം.

ഈ വരുന്ന 15നു തങ്കപ്പന്റെ മകളുടെ വിവാഹമാണ്. ക്ഷണിക്കേണ്ടവരെല്ലാം ബാക്കിയാണ്. വെള്ളക്കെട്ടും കടന്നു ചെന്നെത്തുമ്പോള്‍ പല വീടുകളിലും ആളില്ല. ഉളളയിടങ്ങളില്‍ ക്ഷണപ്പത്രം നല്‍കി മടങ്ങുമ്പോഴാണ് അതു ശ്രദ്ധയില്‍പ്പെട്ടത്. കത്തിലൊരു തിരുത്തുണ്ട്. വിവാഹവേദി വധൂഗൃഹമല്ല, 15 കിലോമീറ്റര്‍ അകലെയുള്ള ഓഡിറ്റോറിയമാണ്. വീട്ടിലെ വെള്ളക്കെട്ടു തന്നെ കാരണം. മൂന്നു തവണയാണു വിവാഹ തീയതി മാറ്റിയത്. വെള്ളംനിറഞ്ഞ വീട്ടിലേക്കൊരു തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്ന തോന്നലുണ്ടായപ്പോൾ ഇനി തീയതി മാറ്റാനാകില്ലെന്നു തീരുമാനിച്ചു. 

മൂന്നുപെണ്‍കുട്ടികളാണ് ഈ കര്‍ഷകന്. ഇളയവളുടെ വിവാഹവും വീട്ടില്‍വച്ചു തന്നെ നടത്തണമെന്ന ആഗ്രഹം പ്രളയം കൊണ്ടുപോയി. വീട് ഇപ്പോഴും മുങ്ങി നില്‍ക്കുമ്പോള്‍ ആഗ്രഹം വഴിമാറി ഒഴുകുകയേ നിവൃത്തിയുള്ളു. ഇതു തങ്കപ്പന്റെ മാത്രം ജീവിതകഥയല്ല. വെള്ളക്കെട്ട് മാറാത്തതിനാല്‍ വിവാഹം മുടങ്ങിയവരും മൃതദേഹം മറവുചെയ്യാന്‍ കഴിയാത്തവരും ഇപ്പോൾ കുട്ടനാട്ടില്‍ തളംകെട്ടി നില്‍ക്കുന്ന കണ്ണീരാണ്.

related stories