Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പ്രതിരോധത്തിൽ അനാസ്ഥ: മരുന്നില്ലാതെ കോഴിക്കോട്ടെ മലയോരം

leptospirosis

കോഴിക്കോട്∙ എലിപ്പനിയില്‍ 20 പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്നു വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു ജോലിക്കാരും ക്ഷീരകര്‍ഷകരും ഏറെയുള്ള കോളനികളില്‍ പനിയുടെ മരുന്നു പോലും കിട്ടിയിട്ടില്ലെന്നാണു പരാതി. മരുന്നിനു കാര്യമായ ക്ഷാമം നേരിടുന്നതിനാല്‍ വിതരണം ശ്രദ്ധയോടെ മതിയെന്നാണ് ഡിഎംഒയുടെ നിര്‍ദേശം. 

കല്ലാനോട് 28ാം മൈല്‍ ലക്ഷംവീട് കോളനിയില്‍ 32 തൊഴിലുറപ്പ് ജോലിക്കാരുണ്ട്. ഇവര്‍ക്ക് എലിപ്പനിയെക്കുറിച്ചു മാധ്യമങ്ങളിലൂടെയുള്ള അറിവല്ലാതെ മരുന്നോ പ്രതിരോധ നിര്‍ദേശങ്ങളോ കിട്ടിയിട്ടില്ല. ഇവിടേക്ക് ആരും വന്നിട്ടില്ല. മരുന്നും വിതരണം ചെയ്തിട്ടില്ല. പലരും മരിച്ചെന്നും മറ്റുള്ള കാര്യങ്ങളും വാര്‍ത്തയിലൂടെ അറിയുന്നുണ്ട്.

ഒരു കോളനിയില്‍ മാത്രമുണ്ടായ വീഴ്ചയല്ലിത്. ഗ്രാമീണമേഖലയില്‍ പലയിടത്തും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയെത്തിയിട്ടില്ല. മരുന്നിനു ക്ഷാമം നേരിടുന്നതിനാല്‍ ആശുപത്രിയിലെത്തുന്നവര്‍ക്കു മാത്രം മരുന്നു നല്‍കിയാല്‍ മതിയെന്ന നിലപാടാണ്. താമരശേരി, മുത്തപ്പന്‍പുഴ, കൂരാച്ചുണ്ട് എന്നിവിടങ്ങളിലും എലിപ്പനി രൂക്ഷമാണെങ്കിലും അനാസ്ഥ തുടരുകയാണ്.  

പഞ്ചായത്തില്‍നിന്നോ ആശുപത്രിയില്‍നിന്നോ കോളനിയിലേക്ക് ആരും വന്നു നോക്കിയിട്ടില്ല. മരുന്നും കിട്ടിയില്ല. തൊഴിലുറപ്പ് ജോലിക്കാര്‍, ക്ഷീരമേഖലയില്‍ ജോലിയിലുള്ളവര്‍, കര്‍ഷകര്‍, എന്നിവര്‍ക്കു നേരിട്ടെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മരുന്നു വിതരണം ചെയ്യുമെന്നാണു മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ വിവരം തിരക്കി മടങ്ങിയിടത്തു പോലും മരുന്നെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി ‌നിയന്ത്രണാതീതമായേക്കും.