തിരുവനന്തപുരം∙ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണു മോഹൻലാൽ. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാൻ വയ്യ.’– രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ബിജെപിയിൽ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ തിരുവനന്തപുരത്തു സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്.

രമേശ് ചെന്നിത്തലയുടെ പ്രതികരണം വിഡിയോ കാണാം
പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മോഹൻലാലുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസമാണു മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും നരേന്ദ്ര മോദി അറിയിച്ചെന്നു മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ പുകഴ്ത്തി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണു മോഹൻലാൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ ചർച്ചകൾ സജീവമായത്.