Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗവാനേ, കാത്തു കൊള്ളണേ...: പ്രളയകാലത്തെ ശബരിമല യാത്രയുടെ ഓർമയിൽ തന്ത്രി

sabarimala-tantri ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് (ഫയൽ ചിത്രം)

ശബരിമല∙ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനിടെ പ്രതിസന്ധികളെ തരണം ചെയ്ത് കൊടുംവനത്തിലൂടെ നിറപുത്തരി, പൂജകൾക്കായി അയ്യപ്പ സന്നിധിയിലേക്കുള്ള യാത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരർക്കു ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. തുള്ളിക്കൊരു കുടം കണക്കെ തിമർത്തുപെയ്യുന്ന മഴ. പാദത്തെ പറിച്ചുകൊണ്ടുപോകും പോലെ കുത്തിയൊലിച്ചു വരുന്ന മലവെള്ളം. വഴിവെട്ടിത്തെളിച്ച ഉൾവനത്തിലൂടെ നടന്നു നീങ്ങുമ്പോൾ ഇടയ്ക്കിടെ മുഴങ്ങുന്ന കാട്ടാനകളുടെ ചിഹ്നംവിളി... അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയെക്കുറിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് പറയുന്നു.

നട തുറക്കുന്നതിനു സന്നിധാനത്തേക്കു പോകാനായി പരികർമി മനു നമ്പൂതിരി, മേൽശാന്തിയുടെ മകൻ വിഷ്ണു നമ്പൂതിരി എന്നിവരോടൊപ്പം ഓഗസ്റ്റ് 14ന് രാവിലെ താഴമൺ മഠത്തിൽ നിന്നിറങ്ങി. ആനത്തോട് ഡാം തുറന്നുവിട്ടതിനാൽ പമ്പാനദി കരകവിഞ്ഞ് ഒഴുകുകയാണെന്നും ഒരുവിധത്തിലും ത്രിവേണിയിൽ മറുകര കടക്കാൻ കഴിയില്ലെന്നും നിലയ്ക്കൽ എത്തിയപ്പോഴാണ് അറിഞ്ഞത്. ദേവസ്വം ബോർഡ് പ്രസിഡന്റും വനപാലകരുമായി ചർച്ച നടത്തി. വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി കാട്ടിലൂടെ നടന്നുപോകാൻ തീരുമാനം എടുത്തപ്പോൾ സമയം രണ്ടു കഴിഞ്ഞു.

മുണ്ടക്കയം, പീരുമേട് വഴി വണ്ടിപ്പെരിയാറിൽ എത്തുമ്പോൾ ആശങ്കയായിരുന്നു. റോഡ് വെള്ളത്തിൽ മുങ്ങാൻ പോകുന്നതായി പലയിടത്തുനിന്നും ഫോൺ വന്നു. ഭഗവാനേ, കാത്തു കൊള്ളണേ എന്ന പ്രാർഥനയായിരുന്നു പിന്നെ. വണ്ടിപ്പെരിയാർ വഴി വള്ളക്കടവിൽ എത്തും വരെ വെള്ളത്തിന്റെ ത‌ടസ്സം ഉണ്ടായില്ല. വള്ളക്കടവിൽനിന്നു കോഴിക്കാനം വഴി പുല്ലുമേടുവരെ വനപാലകരുടെ ജീപ്പിലായിരുന്നു യാത്ര. പുല്ലുമേട്ടിൽ എത്തിയപ്പോൾ വൈകിട്ട് ഏഴുമണിയായി. കൂരിരുട്ട്. കയ്യിലുള്ള മൊബൈലിന്റെ  വെളിച്ചമാണ് ഏക ആശ്രയം. തൊട്ടുമുന്നിൽ നിൽക്കുന്നവരെ പോലും കാണാൻ കഴിയാത്ത വിധത്തിലുള്ള കോടമഞ്ഞ്.

pamba-4 പ്രളയത്തിൽ തകർന്ന പമ്പയും പരിസരവും.

കടുവയുടെയും കാട്ടുപോത്തിന്റെയും  മുരൾച്ച. ഇവിടെ നിൽക്കുന്നതുതന്നെ സുരക്ഷിതമല്ലെന്ന വനപാലകരുടെ മുന്നറിയിപ്പ്. സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും  പുല്ലുമേട്ടിലെ വനംവകുപ്പ് കെട്ടിടത്തിൽ തങ്ങാൻ അവരുടെ നിർദേശം. രണ്ടു മുറിയിലായി ആകെയുള്ളത് അഞ്ച് കസേരകൾ. അയ്യപ്പനെ പൂജിക്കാനുള്ള നെൽക്കറ്റയുമായി തന്ത്രിയും പരികർമികളും ഒപ്പമുണ്ടായിരുന്ന വനപാലകരും കുത്തിയിരുന്നു നേരം വെളുപ്പിച്ചു. പ്രഭാതകർമങ്ങൾക്കു ശേഷം രാവിലെ 7.30ന് പുല്ലുമേട്ടിൽനിന്നു സന്നിധാനത്തേക്കു നടക്കാൻ തുടങ്ങി. അപ്പോൾ തൊട്ടടുത്ത പുല്ലുമേടിന്റെ ചരുവിൽ കാട്ടുപോത്തുകളുടെ കൂട്ടം. ശബ്ദം ഉണ്ടാക്കാതെ വേഗം നടന്നു. അധികം പോയില്ല. അപ്പോഴേക്കും അപ്പുറത്തായി കാട്ടാനക്കൂട്ടം മേഞ്ഞുനടക്കുന്നു. നാവിൽ അയ്യപ്പമന്ത്രവും കയ്യിൽ നിറപുത്തരിക്കുള്ള നെൽക്കതിരുമായി ചുവടുകൾക്കു വേഗം കൂട്ടി.

Pamba പ്രളയത്തിൽ തകർന്ന പമ്പയും പരിസരവും.

അപ്പോഴും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. നടവഴിയിലൂടെ  മലവെള്ളപ്പാച്ചിലാണ്. ചവിട്ടുമ്പോൾ കാൽതെന്നിപ്പോകുന്നു. ബാലൻസ് കിട്ടുന്നില്ല. മുന്നിൽ കാടുവെട്ടി വഴിതെളിച്ച് രണ്ടുപേർ. അവർക്കു പിന്നാലെയായിരുന്നു നടന്നത്. ശക്തമായ മഴയായിട്ടും അട്ട കാലിൽനിന്നു പിടിവിടുന്നില്ല.. ഉപ്പിട്ട് അവയെ തുരത്തും. പക്ഷേ, മഴയിൽ ഉപ്പ് വേഗം അലിയുന്നതിനാൽ അട്ട വീണ്ടും കടിക്കും. കഷ്ടതകൾ ഏറെയുണ്ടെങ്കിലും അതൊന്നും മനസ്സിനെ അലട്ടിയില്ല. എങ്ങനെയും അയ്യപ്പ സന്നിധിയിൽ എത്തുക എന്ന ചിന്ത മാത്രമായിരുന്നു.

ഒഴുകട്ടെ, വഴിതെറ്റാതെ: മഹാപ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയുടെയും പരിസരത്തിന്റെയും ആകാശക്കാഴ്ച. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചിറകെട്ടി തടഞ്ഞ് കക്കിയാറിൽ നിന്നുള്ള വെള്ളത്തോടൊപ്പം പൂർവസ്ഥിതിയിൽ വിടാനുള്ള പണികൾ നടക്കുന്നു. മണ്ണിനടിയിൽ നിന്നു വീണ്ടെടുത്ത ത്രിവേണി പാലവും കാണാം.  ചുവപ്പ് മേൽക്കൂരയുള്ളത് അവശേഷിക്കുന്ന ശുചിമുറികൾ. അതിനു മുൻപിലായിരുന്നു ഒലിച്ചു പോയ രാമമൂർത്തി മണ്ഡപം. ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിനു ഭീഷണിയായി നദീ തീരം ഇടിഞ്ഞതും കാണാം.  								     	               ചിത്രം: നിഖിൽരാജ് ∙ മനോരമ പ്രളയത്തിൽ തകർന്ന പമ്പയും പരിസരവും.

നടന്നുനടന്ന് 10.30ന് സന്നിധാനത്തിൽ എത്തി. നെൽക്കതിരുകൾ അയ്യപ്പനു സമർപ്പിച്ചു. കുളി കഴിഞ്ഞ് 11 മണിയോടെ കലശപൂജ നടത്തി. യഥാസമയത്തു തന്നെ 25 കലശാഭിഷേകത്തോടെ ഉച്ചപൂജ കഴിച്ചു. ഈ സമയം നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിയതിനാൽ നിറപുത്തരി പൂജ കഴിഞ്ഞിട്ടും സന്നിധാനത്തിൽ തങ്ങി. അതിനാൽ ചിങ്ങമാസ പൂജ കൂടി കഴിക്കാൻ അവസരം കിട്ടി. ചിങ്ങമാസ പൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പമ്പയിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. പുല്ലുമേട് വഴിയായിരുന്നു മടക്കവും. തുണയായി അയ്യപ്പ ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടായിരുന്നു.

pamba-flood5 പ്രളയത്തിൽ തകർന്ന പമ്പയും പരിസരവും.
related stories