Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക് പോംപെയോ പാക്കിസ്ഥാനിൽ; തീവ്രവാദത്തിനെതിരായ നിലപാട് ചർച്ചയാകും

mike-pompeo മൈക്ക് പോംപെയോ (ഫയൽചിത്രം)

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ പുതുതായി അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സർക്കാരുമായുള്ള ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ഇസ്‍ലാമാബാദിലെത്തി. പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്‍റെ സൈനിക സഹായം ട്രംപ് ഭരണകൂടം റദ്ദാക്കി ദിവസങ്ങൾക്കകമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചർച്ചയ്ക്കു കളമൊരുങ്ങിയിട്ടുള്ളത്. ഇമ്രാൻ സർക്കാർ അധികാരമേറ്റ ശേഷം പാക്കിസ്ഥാനുമായി യുഎസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച കൂടിയാണിത്.

ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജോസഫ് ഡൺഫോർഡും പോംപെയോയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എന്നിവരുമായി ഇരുവരും ചർച്ചകൾ നടത്തും. നയതന്ത്ര തലത്തിലുള്ള ചർച്ചകളും തുടർന്ന് ഉണ്ടാകും. പാക്ക് മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ തീവ്രവാദ സംഘടനകൾക്കുമെതിരെ ശക്തമായ നിലപാടു വേണമെന്നും അഫ്ഗാനിസ്ഥാനിലെ പ്രശ്ന പരിഹാരത്തിനു ക്രിയാത്മകമായ നിലപാടു കൈക്കൊള്ളണമെന്നുമുള്ള നീണ്ട നാളത്തെ ആവശ്യം പാക്കിസ്ഥാൻ ഭരണാധികാരികളുമായുള്ള ചർച്ചയിൽ പോംപെയോ ആവർത്തിക്കും.

ഹഖാനി ശൃംഖല, ലഷ്കറെ തയിബ തുടങ്ങിയ തീവ്രവാദ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു സൈനിക സഹായം റദ്ദാക്കാൻ യുഎസ് തീരുമാനിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ തീരുമാനം സാരമായി ബാധിക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ഉന്നതതല ചർച്ച. സൈനിക സഹായം റദ്ദാക്കാനുള്ള തീരുമാനത്തിലെ അതൃപ്തി പാക്കിസ്ഥാൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.