Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാക്കളോട് പരാതിക്കാരി: ‘നിങ്ങളുടെ മകൾക്കാണിത് വന്നതെങ്കിലോ?’; ഒത്തുതീർപ്പിനു ശ്രമം

cpm-cartoon

പാലക്കാട്∙ പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ വനിത നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ജില്ലാതലത്തിൽ നടന്നതു പല രീതിയിലുള്ള ശ്രമങ്ങൾ. പരാതിയുമായി മുന്നോട്ടു പോയ യുവതി പാർട്ടി എന്തു നടപടിയെടുക്കുമെന്നു കാത്തിരിക്കുകയാണ് എന്നാണു വിവരം. 

ഒത്തുതീർപ്പ് ശ്രമങ്ങൾ ഇങ്ങനെ: 

∙ ഓഗസ്റ്റ് 25: എംഎൽഎ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചു. തനിക്കെതിരെ ഗൂഢാലോചന രൂപപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയെ ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടണമെന്നും നിർദേശം. പരാതിക്കാരിയെ നേരിൽ കണ്ടു സമ്മർദം ചെലുത്തുന്നതിനു രണ്ടു മുതിർന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയ ഇവരോട് ‘നിങ്ങളുടെ മക്കൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണം’ എന്നു യുവതിയുടെ ചോദ്യം. രണ്ടുപേരും പിൻവാങ്ങി. 

∙26: ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമം. വിഷയം പുറത്തുവന്നാൽ പാർട്ടിക്ക് അപകീർത്തിയാകുമെന്നും പാർട്ടിക്കു പരുക്കേൽക്കാതിരിക്കാൻ പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ സമാനമായ പരാതിയിൽ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോൾ പാർട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. 

അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്ഐ നേതാവ് ഫോണിൽ വിളിച്ച് ‘നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്’ എന്നു ചോദിച്ചു ക്ഷോഭിക്കുന്നു.

∙ സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിനു ശേഷം ജില്ലയ്ക്കു പുറത്തുള്ള കേന്ദ്രത്തിൽ യുവതിക്കൊപ്പം നിൽക്കുന്നുവെന്നു കരുതു‍ന്നവരുമായി ചർച്ച നടത്തുന്നു. പക്ഷേ, അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.

∙ സഹകരണ സ്ഥാപനത്തിൽ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചു പണം വാഗ്ദാനം ചെയ്യാനുള്ള ശ്രമവും പൊളിയുന്നു. 

ഒത്തുതീർക്കാൻ കൊണ്ടുപിടിച്ച്

തിരുവനന്തപുരം∙ പി. കെ. ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി പാർട്ടിക്കകത്ത് ഏതുവിധേനയും തീർക്കാൻ സിപിഎം ശ്രമം തുടങ്ങി. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ എംഎൽഎയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ സിആർപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം. 

ജാമ്യം കിട്ടാൻ പ്രയാസമുള്ള വകുപ്പാണിത്. പരാതിക്കാരിയെ നേരിട്ടു കണ്ട് വിവരങ്ങൾ തേടി കേസെടുക്കാൻ വനിതാ കമ്മിഷന് ആവശ്യപ്പെടാം. എന്നാൽ സ്വമേധയാ കേസെടുക്കാനില്ലെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വ്യക്തമാക്കിക്കഴിഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തിൽ തന്നെ പറഞ്ഞുതീർത്തില്ലെന്ന രോഷമാണു സിപിഎം നേതൃത്വത്തിന്റേത്. 

മാസങ്ങൾക്കു മുൻപു നടന്ന സംഭവം ഇപ്പോൾ പരാതിയായതിനു പിന്നിൽ പാർട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന പരിശോധനയും നേതാക്കൾ നടത്തുന്നു. ഒരിക്കൽ വിഎസ് പക്ഷത്തിനു കടുത്ത സ്വാധീനമുണ്ടായിരുന്ന പാലക്കാട്ട് വിഭാഗീയതയുടെ തുരുത്തുകളുണ്ടെന്നാണു കഴിഞ്ഞ ജില്ലാ സമ്മേളന വേളയിൽ വിലയിരുത്തപ്പെട്ടത്. ഔദ്യോഗിക പക്ഷത്തെ പ്രധാനികളിലൊരാളായ ശശി തന്റെ ശൈലികൊണ്ടു പാർട്ടിയിൽ ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. 

related stories