Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപരിഹാരം തേടിയവരെ തിരിച്ചയച്ചു; തൃക്കലങ്ങോട് പഞ്ചായത്തിൽ വീണ്ടും ക്രമക്കേട്

thrikkalangode-fund തൃക്കലങ്ങോട് പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ പ്രദേശത്ത് കൂടിനിൽക്കുന്നവര്‍

മലപ്പുറം∙ ദുരിതാശ്വാസത്തിന്റെ പേരില്‍ അനര്‍ഹര്‍ക്ക് അധികസഹായം നിര്‍ദേശിച്ച മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ വീണ്ടും ക്രമക്കേട്. വീടു തകര്‍ന്നതിനു നഷ്ടപരിഹാരം തേടിയെത്തിയവരെ അധികൃതർ മടക്കി അയച്ചു. ശക്തമായ മഴ പെയ്താല്‍ ഏതു നിമിഷവും തകര്‍ന്നു വീണേക്കാവുന്ന നിലയിലാണ് ആമയൂരിലെ രണ്ട് വീടുകള്‍. വീടു ഭാഗികമായെങ്കിലും തകര്‍ന്നവര്‍ക്കേ നഷ്ടപരിഹാരമുളളൂവെന്ന് സര്‍ക്കാര്‍ ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

എങ്കിലും ഒരേ പഞ്ചായത്ത് പരിധിയില്‍‌ അധികൃതരുടെ ഇരട്ടത്താപ്പു നയം തുടരുകയാണ്. വെളളാരങ്കല്ല് ഇരുമ്പന്‍ അബ്ദുല്ലയുടെ ഇരുപത്തഞ്ചടിയോളം ഉയരത്തിലുളള വീടിന്റെ ഓരം ഇടിഞ്ഞുതാണ നിലയിലാണ്. പിന്‍ഭാഗത്ത് ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ വീടുസഹിതം നിലപൊത്തും. 25 അടിയോളം ഉയരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി തൊട്ടടുത്ത വീടുകള്‍ക്കു മീതേക്കാണു നിലംപതിച്ചത്. എന്നാല്‍ നഷ്പരിഹാരത്തിന് അര്‍ഹനല്ലെന്ന് അറിയിച്ച് മീൻവിൽപനക്കാരനായ അബ്ദുല്ലയെ മടക്കി അയച്ചു.

തൊട്ടു താഴെയുളള ഇ.കെ. ഉമ്മര്‍ഹാജിയുടേയും ഹസന്റേയും വീടുകളും അപകടാവസ്ഥയിലാണ്. അബ്ദുല്ലയുടെ കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി തകര്‍ന്നു വീണ് ഹസന്റെ വീടിന്റെ ഒരു ഭാഗം തകര്‍ത്തിട്ടുണ്ട്. ഏതു നിമിഷവും വലിയൊരപകടത്തിനു കാരണമാംവിധം അടര്‍ന്നു തൂങ്ങി നില്‍ക്കുകയാണു കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍. പരിസരത്തുകൂടി നടന്നു പോകുന്നവരും അപകടത്തില്‍പ്പെട്ടേക്കാം. മുറ്റത്തു പാതി തകര്‍ന്നിരിക്കുന്ന കിണറും ഇടിഞ്ഞു താഴുമെന്ന നിലയിലാണ്.

related stories