Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ ഭീകരവാദം നിർത്തൂ; സൈന്യവും നീരജിനെപ്പോലെയാകാം: ബിപിൻ റാവത്ത്

Neeraj Chopra, Bipin Rawat പാക്കിസ്ഥാൻ താരത്തിന് നീരജ് ചോപ്ര കൈകൊടുക്കുന്നു (ഇടത്), ബിപിൻ റാവത്ത് (വലത്)

ന്യൂഡല്‍ഹി∙ പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ഇന്ത്യൻ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണു റാവത്തിന്റെ പരാമർശം. പാക്കിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിർത്തണം. അങ്ങനെ സംഭവിച്ചാൽ ഞങ്ങളും നീരജ് ചോപ്രയെപ്പോലെ ആകാം– റാവത്ത് പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ ചോപ്ര മെഡൽദാനച്ചടങ്ങിനിടെ വെങ്കല മെഡൽ സ്വന്തമാക്കിയ പാക്കിസ്ഥാന്റെ അർഷാദ് നദീമിന് കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭീകരവാദം വർധിക്കുകയാണെന്ന മാധ്യമ വാർത്തകളെയും റാവത്ത് തള്ളി. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും കശ്മീരിലെ സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. പ്രദേശവാസികളായ യുവാക്കൾ ആയുധം എടുത്തുപോരാടി സൈന്യത്താൽ കൊല്ലപ്പെടുന്നു. അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്നു.

സൈന്യത്തിന്റെ നടപടികൾ ഇനിയും തുടരും. ഇതു ശരിയായ വഴിയല്ലെന്നു യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും മനസിലായതായി ആത്മവിശ്വാസത്തോടെ പറയാനാകും. നിരവധി ഇടങ്ങളിൽ മക്കളോടു തിരികെവരാൻ അവരുടെ അമ്മമാർ ആവശ്യപ്പെടുന്നതു കണ്ടിട്ടുണ്ട്. ഭീകരവാദം അവസാനിപ്പിക്കാൻ നമുക്കു സാധിക്കും. ഭീകരവാദത്തിലേക്കുപോയ യുവാക്കളെല്ലാം പതുക്കെ തിരികെവരുമെന്നാണു കരുതുന്നതെന്നും റാവത്ത് പറഞ്ഞു.