Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസുമായി കോംകാസ കരാർ; ആണവകരാറിനു ശേഷമുള്ള വലിയ ഉടമ്പടി

india-us വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ ആണവകരാറിനു ശേഷം യുഎസുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ച് ഇന്ത്യ. സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷൻസ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി അഗ്രിമെന്റ്) പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഒപ്പുവച്ചു. ഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ– യുഎസ് ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണു നിര്‍ണായക ഉടമ്പടി. ഉടമ്പടി രാജ്യത്തിന് ഉപകാരപ്പെടുമെങ്കിലും ഇറാനുമായുള്ള എണ്ണ ഇറക്കുമതിയിലും റഷ്യയുമായുള്ള സൈനിക സഹകരണത്തിലും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. യുഎസ് നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യസാങ്കേതികവിദ്യ കൈമാറുമെന്നതാണു കരാറിലെ പ്രധാന ധാരണ. നിലവില്‍ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിനു ലഭ്യമല്ലായിരുന്നു. കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്കു സ്ഥാപിക്കാനാകും.

2019ല്‍ ഇന്ത്യ– യുഎസ് സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായി. പ്രതിരോധ രംഗത്തെ സംയുക്ത സഹകരണത്തിന് പുറമേ വ്യാപാര–നയതന്ത്ര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കും. ഭീകരവാദം ഒന്നിച്ച് ചെറുക്കുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ട്രംപ്– മോദി കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലേയും പ്രതിരോധ, വിദേശകാര്യ വകുപ്പ് തലവന്‍മാര്‍ തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്കു തീരുമാനമായത്.