Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വിലവർധന: തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലെന്ന് ഇടത് സംഘടനകൾ

FUEL

ന്യൂഡൽഹി ∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്തിന് (തിങ്കൾ) രാജ്യവ്യാപക ഹർ‌ത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. ഇതേദിവസം കോണ്‍ഗ്രസ് ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം, സിപിഐ (എംഎൽ), എസ്‌യുസിഐ (കമ്യൂണിസ്റ്റ്), ആർഎസ്പി തുടങ്ങിയ പാർട്ടികളാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ജനത്തിനുമേൽ അഭൂതപൂർവമായ സാമ്പത്തികഭാരമാണ് ഏൽപ്പിക്കുന്നതെന്നു സംയുക്ത പ്രസ്താവനയിൽ ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി. കർഷകർ ദുരിതത്തിലാണ്. യുവാക്കൾക്കു തൊഴിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയാസമെല്ലാം സാധാരണക്കാരാണ് അനുഭവിക്കുന്നതെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദ് നടത്തുമെന്നു കോൺഗ്രസ് അറിയിച്ചു. രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികൾ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ  തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്.

മറ്റു പെട്രോളിയം ഉല്‍പ്പന്നങ്ങളായ എല്‍പിജി, സിഎന്‍ജി തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് നിലവില്‍ വില 78 ഡോളറാണു വില. എന്നാല്‍, വീപ്പയ്ക്ക് 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോൾപോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.