Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ല: സുപ്രീംകോടതി

LGBTQ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എൽജിബിടിക്യു മുംബൈയിൽ നടത്തിയ റാലി. ചിത്രം: വിഷ്ണു വി. നായർ

ന്യൂഡൽഹി ∙ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. ഇതുമായി ബന്ധപ്പെട്ട ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. യുക്തിഹീനവും ഏകപക്ഷീയവുമാണ് ഐപിസി 377–ാം വകുപ്പിലെ ചില വ്യവസ്ഥകളെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠേനയാണു വിധി പറഞ്ഞത്. അതേസമയം, പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധവും മൃഗങ്ങളുമായുള്ളതടക്കം മറ്റു ലൈംഗികവേഴ്ചകളും കുറ്റകരമായി തുടരും.

പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചു കഴിഞ്ഞു. ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

Read in English

ഈ സുപ്രധാന വിധിക്ക് സർക്കാർ പരമാവധി പ്രചാരം നൽകണമെന്ന് വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ആർ.എഫ്. നരിമാൻ നിർദ്ദേശിച്ചു. ഇതുവരെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തിയതിന് പൊതുസമൂഹം എൽജിബിടി സമൂഹത്തോടു മാപ്പു പറയണമെന്ന് സംഘത്തിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു. ഇവർക്കു പുറമെ ജസ്റ്റിസുമായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിച്ചത്.

Supreme Court സുപ്രീംകോടതി വിധിയറിഞ്ഞ് കോടതിക്കു പുറത്ത് ആഹ്ലാദിക്കുന്നവർ.ചിത്രം: ജോമി തോമസ്

നര്‍ത്തകി നവ്തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വകുപ്പു റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുളള പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തു.

∙ നയിക്കേണ്ടതു ഭരണഘടനാ സദാചാരം

സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരത്തിൽ സ്വതം നിഷേധിക്കപ്പെടുന്നത് മരണത്തിനു തുല്യമാണ്. സമൂഹത്തിന്റെ സദാചാരത്തിന്റെ പേരിൽ ഭരണഘടനാ സദാചാരം അട്ടിമറിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചു കഴിഞ്ഞു. ഓരോരുത്തരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനാ സദാചാരമാണു നമ്മളെ നയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377–ാം വകുപ്പ്. സ്വവർഗബന്ധത്തെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്‍റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലര്‍ത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്‍റെ മനോഭാവം കാരണം പലര്‍ക്കും യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും നിരീക്ഷിച്ചു.

ഈ വിധി ചരിത്രം

ജീവിക്കാനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളില്‍ ലൈംഗികാഭിരുചിയേയും ഉള്‍പ്പെടുത്തുന്നതാണ് ചരിത്രവിധി. 2009ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃസ്ഥാപിക്കുന്നതിനു തുല്യമാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി വിധി റദ്ദാക്കിയ 2013 ലെ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയും ഭരണഘടനാ ബെഞ്ച് വിധിയോടെ അപ്രസക്തമായി.

2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവർഗബന്ധം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗ ബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവർഗബന്ധം കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.

ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണോയെന്നു പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് 377–ാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു.

വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിനു മാത്രമേ കഴിയുകയുള്ളൂവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.

related stories