Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂള്‍ കലോല്‍സവം ഉപേക്ഷിച്ചാൽ ഗ്രേസ് മാര്‍ക്ക് എങ്ങനെ നല്‍കും?; ആശയക്കുഴപ്പം

Oppana കലോല്‍സവത്തിലെ ഒപ്പനയില്‍നിന്ന് (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ സ്കൂള്‍ കലോല്‍സവം വേണ്ടെന്നുവച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് എങ്ങനെ നല്‍കുമെന്ന ആശയക്കുഴപ്പം തുടരുന്നു. അതേസമയം, പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കലോല്‍സവം വേണ്ടെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. നാളെ ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി ഇക്കാര്യത്തില്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. എ ഗ്രേഡിന് 30, ബി – 24, സി – 18 മാര്‍ക്ക് ഇങ്ങനെയാണു കലോല്‍സവ വിജയികള്‍ക്കു ലഭിക്കുന്ന ഗ്രേസ്മാര്‍ക്ക്. കലോല്‍സവം വേണ്ടെന്നുവച്ചാല്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഇത് എങ്ങനെ നല്‍കുമെന്നതാണു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യം പരിഗണിക്കുമെന്ന തരത്തിലാണു മന്ത്രി ഇ.പി. ജയരാജന്റെ വാക്കുകള്‍.

പക്ഷേ, സര്‍ക്കാര്‍ നല്‍കുന്ന ഒന്നരകോടി രൂപപോലും ഏറ്റവും കുറഞ്ഞ രീതിയില്‍ കലോല്‍സവം നടത്താന്‍ പര്യാപ്തമല്ല. വ്യക്തികളില്‍നിന്നും വാണിജ്യവ്യവസായ സ്ഥാപനങ്ങളില്‍നിന്നും ഇത്തവണ പണം പിരിക്കാനാവില്ല. കലോല്‍സവ ചട്ടം മാറ്റി സ്കൂള്‍തലത്തില്‍ മത്സരം നടത്തുക പ്രായോഗികമല്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. ഇതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

അതേസമയം, നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, മേക്കപ്പ് കലാകാരന്‍മാര്‍ തുടങ്ങി പന്തലുകെട്ടുന്നവര്‍ വരെയുള്ളവര്‍ക്കു കലോല്‍സവം വേണ്ടെന്നു വയ്ക്കുന്നതു തിരിച്ചടിയാകും. കലോല്‍സവം സംബന്ധിച്ച വിവിധ അഭിപ്രായങ്ങള്‍ ഗുണനിലവാര സമിതി യോഗം ചര്‍ച്ചചെയ്തു സര്‍ക്കാരിനെ അറിയിക്കും. ഏപ്രിലില്‍ നടത്താമെന്ന അഭിപ്രായവും അപ്രയോഗികമാണെന്ന വിലയിരുത്തലാണുള്ളത്.

related stories