തന്റെ ‘എടുത്തുചാട്ടം’ നിയന്ത്രിക്കാൻ വൈറ്റ് ഹൗസിൽ ശ്രമമെന്ന ലേഖനം; വിമർശിച്ച് ട്രംപ്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘എടുത്തുചാട്ടം’ നിയന്ത്രിക്കാൻ വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന മാധ്യമവാർത്തയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ട്രംപ് രംഗത്ത്. ഉദ്യോഗസ്ഥരുടെ നീക്കത്തെപ്പറ്റി, പേരു വെളിപ്പെടുത്താത്ത മുതിർന്ന ഉദ്യോഗസ്ഥന്റെ ലേഖനം ബുധനാഴ്ച ന്യൂയോർക്ക് ടൈംസാണ് പ്രസിദ്ധീകരിച്ചത്. ഇതിനെ ‘രാജ്യദ്രോഹം’ എന്നു വിശേഷിപ്പിച്ച ട്രംപ്, അങ്ങനെയൊരു ഉദ്യോഗസ്ഥൻ നിലവിലുണ്ടോ എന്നു സംശയമാണെന്നും അഥവാ ഉണ്ടെങ്കിൽ രാജ്യസുരക്ഷ കണക്കിലെടുത്ത് അയാളുടെ പേരു വെളിപ്പെടുത്താൻ ന്യൂയോർക്ക് ടൈംസ് തയാറാകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഉദ്യോഗസ്ഥന്‍റെ പേരു വെളിപ്പെടുത്തുന്നത് ആ വ്യക്തിയെ കൂടുതൽ അപകടത്തിലാക്കുമെന്നും വളരെ പ്രാധാന്യമുള്ള ഒരു നിരീക്ഷണം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതല്ലാതെ മറ്റു മാർഗമൊന്നും ഇല്ലായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് അധികൃതർ പ്രതികരിച്ചു. പേരു വെളിപ്പെടുത്താതെയുള്ള ഓപ്പൺ എഡിറ്റോറിയൽ ലേഖനങ്ങൾ പ്രമുഖ പത്രങ്ങൾ സാധാരണയായി പ്രസിദ്ധീകരിക്കാറില്ല. ന്യൂയോർക്ക് ടൈംസിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ അപൂർവവുമാണ്.

‘ട്രംപ് ഭരണകൂടത്തിനുള്ളിലെ പ്രതിരോധത്തിന്റെ ഭാഗമാണ് ഞാൻ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, രാജ്യത്തോടാണ് തങ്ങളുടെ പ്രഥമ ഉത്തരവാദിത്തമെന്നും രാജ്യത്തിന് ആരോഗ്യകരമായ രീതിയിലല്ല പ്രസിഡന്‍റിന്‍റെ പ്രവർത്തനമെന്നും വ്യക്തമാക്കുന്നു. പ്രസിഡന്‍റിന്‍റെ എടുത്തുചാട്ടങ്ങളിൽ നിന്നു ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ചെറുത്തുനിൽപ്പുകളാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ലേഖനം വെളിപ്പെടുത്തുന്നു. താൻ ഇവരിലൊരാളായതിനാൽ ഇതിനെക്കുറിച്ച് തനിക്കു പൂർണ ബോധ്യമുണ്ടെന്നും ലേഖകൻ അവകാശപ്പെടുന്നുണ്ട്.

തന്‍റെ ചുമതലകള്‍ ഭംഗിയായി നിർവഹിക്കാൻ കഴിയാത്ത പ്രസിഡന്‍റിനെ തൽസ്ഥാനത്തുനിന്നു നീക്കാൻ അനുമതി നൽകുന്ന ഭരണഘടനയുടെ 25–ാം വകുപ്പ് നടപ്പിലാക്കുന്നതിനെ കുറിച്ച് ചില ഉദ്യോഗസ്ഥർ ആദ്യ ഘട്ടത്തിൽ നിശബ്ദമായി ആലോചിച്ചിരുന്നതായും ലേഖനം വെളിപ്പെടുത്തുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതിന് ട്രംപിന്‍റെ ഭരണ കാലയളവിൽ ഭരണകൂടത്തെ നേർവഴിക്കു നയിക്കുന്നതാകും നല്ലതെന്ന തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.

മാധ്യമ പ്രവർത്തകനായ വുഡ്‍വാർഡ് ട്രംപ് ഭരണത്തെക്കുറിച്ചു രചിച്ച പുസ്തകത്തിലെ ലഭ്യമായ ഉള്ളടക്കത്തോടു ചേർന്നു നിൽക്കുന്നതാണ് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം. അടുത്തയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. വിശ്വസിക്കാൻ കൊള്ളാത്തവരും കൂറു പുലർത്താത്തവരുമായ ഉപദേശികളാണ് തനിക്കു ചുറ്റുമെന്ന ട്രംപിന്‍റെ ധാരണയെ ശക്തിപ്പെടുത്തുന്നതാണ് ടൈംസിലെ അസാധാരണ ലേഖനം.