Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈക്കം സത്യഗ്രഹം ഡൽഹി റിപ്പബ്ലിക്ദിന പരേഡിൽ സ്ഥാനം പിടിക്കുമോ?

mahatma-gandhi-vaikom-satyagraha വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ മഹാത്മാ ഗാന്ധി കൊച്ചിയിലെത്തിയപ്പോൾ.

കോട്ടയം∙ കേരള ചരിത്രത്തിൽ സമരപോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ സമ്മാനിച്ച വൈക്കം സത്യഗ്രഹത്തിന്റെ പ്രധാന ഏടുകൾ ഇത്തവണ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്ഥാനം പിടിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ളോയായി വൈക്കം സത്യഗ്രഹമാണു സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ഗാന്ധിജിയുടെ 150–ാം ജന്മ വാർഷികം ആചരിക്കുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധിക്കു പ്രാധാന്യം ലഭിക്കുംവിധം വൈക്കം സത്യഗ്രഹ സമരം രൂപകൽപന ചെയ്യാനാണു സംസ്ഥാന സർക്കാരിന്റെ നിർദേശം. ഇത്തരത്തിലുള്ള രചനകൾ കലാകാരന്മാരിൽനിന്നു ക്ഷണിച്ചു. ജില്ലയിൽനിന്നുള്ള കലാകാരന്മാരിൽ പലരും ഇണ്ടംതുരുത്തിമനയും ഗാന്ധിജിയും സത്യഗ്രഹവും പശ്ചാത്തലമാക്കിയാണു സമരം രൂപകൽപന ചെയ്തിരിക്കുന്നത്.

Vaikom Satyagraha

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഫ്ലോട്ട് അവതരിപ്പിക്കാൻ കഴിയു. ലഭിക്കുന്ന ഫ്ലോട്ടിന്റെ രൂപമാതൃകകൾ കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സമിതിയായിരിക്കും രചനകൾ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവയുടെ ഫാബ്രിക്കേഷൻ ത്രിഡി മാതൃക ഡിസൈൻ ചെയ്ത ആർട്ടിസ്റ്റു തന്നെ ചെയ്തു നൽകണം. ഇതിന്റെ ചെലവു സംസ്ഥാന സർക്കാർ വഹിക്കും. ഈ മാസം 10നു മുൻപു രചനകൾ അയയ്ക്കണം. ഇതേസമയം ടാബ്ളോ തയാറാക്കുന്നതിനുള്ള രചനകളിൽ ജില്ലയിൽനിന്നുള്ള കലാകാരന്മാർക്കു മുൻഗണന നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

∙ വൈക്കം സത്യാഗ്രഹം – ചരിത്ര ഏടുകളിൽനിന്ന്

1924 ഫെബ്രുവരിയിൽ എറണാകുളത്തുവച്ചു കൂടിയ കോൺഗ്രസ് കമ്മറ്റിയുടെ യോഗം അയിത്താചരണത്തിന് എതിരായ പ്രക്ഷോഭണ പരിപാടി തയ്യാറാക്കുന്നതിനു കെ. കേളപ്പൻ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. അതിൽ ടി.കെ. മാധവനും അംഗമായിരുന്നു. ഇതിനെ തുടർന്ന് അമ്പലനിരത്ത് നാനാജാതി മതസ്‌ഥർക്കു തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു 1924ൽ ഗാന്ധിയൻ രീതിയിൽ സത്യാഗ്രഹം ആരംഭിച്ചു. ഗാന്ധിജിയുടെ പിന്തുണയും ശ്രീനാരായണഗുരുവിന്റെ അനുഗ്രഹവുമായി തുടങ്ങിയ സമരം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വൊളന്റിയർമാർ പങ്കെടുത്ത ദേശീയ സമരമായി വളർന്നു. ഒട്ടേറെ ദേശീയ നേതാക്കൾ സമരത്തിന്റെ മുൻനിരയിൽ എത്തി. 1925 മാർച്ചിൽ മഹാത്മാ ഗാന്ധി വൈക്കത്തു വന്നു നടത്തിയ ഒത്തുതീർപ്പിന്റെ അടിസ്‌ഥാനത്തിൽ ക്ഷേത്രത്തിലേക്കുള്ള നിരത്തുകൾ എല്ലാ ജാതി ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു.

vaikom-satyagraha-1 ജയിൽ മോചിതരായ സത്യഗ്രഹികൾക്കു നൽകിയ സ്വീകരണം (ഇടത്); വൈക്കം സത്യഗ്രഹത്തിന്റെ സ്മാരകം.

∙ പോരാട്ട വീര്യത്തിൽ ഇണ്ടംതുരുത്തി മന

മഹാദേവ ക്ഷേത്രത്തിലെ ഊരാൺമക്കാരായ 108 ഇല്ലങ്ങളിലെ പ്രമുഖ ഇല്ലമായിരുന്നു ഇണ്ടംതുരുത്തി മന. മനയിലെ നമ്പ്യാതിരിക്കായിരുന്നു വൈക്കത്തിന്റെ അധികാരം. ഗാന്ധിജി ഇവിടെയെത്തിയപ്പോൾ നമ്പ്യാതിരിയുമായി ചർച്ച നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആരെയും അങ്ങോട്ടുപോയി കാണുന്ന ശീലമില്ലെന്നും കാണണമെന്നുള്ളവർക്ക് ഇവിടെ വന്നുകാണാമെന്നുമായിരുന്നുവത്രേ നമ്പ്യാതിരിയുടെ മറുപടി. ഗാന്ധിജി മനയിലെത്തി പൂമുഖത്തിരുന്നു നമ്പ്യാതിരിയുമായി ചർച്ച നടത്തി. ഈ ചരിത്രസംഭവംകൊണ്ടു ദേശീയ ശ്രദ്ധയാകർഷിച്ച മന കാലം പിന്നിട്ടപ്പോൾ 1963ൽ എഐടിയുസി തൊഴിലാളികൾ വിലയ്‌ക്കു വാങ്ങുകയായിരുന്നു. 2009ൽ മന പഴമയുടെ മോടി നഷ്‌ടപ്പെടാതെ യൂണിയൻ പുതുക്കി നിർമിച്ചു. മന ഇപ്പോൾ എഐടിയുസി ചെത്തുതൊഴിലാളി യൂണിയന്റെ താലൂക്ക് കമ്മറ്റി ഓഫിസാണ്.

Vaikom Satyagraha

∙ അഞ്ചുവർഷത്തെ ഇടവേളയിൽ 2018 ൽ ഓച്ചിറകെട്ടുകാഴ്ച

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷമാണു 2018ൽ റിപ്പബ്ലിക് പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് അവതരിപ്പിച്ചത്. ഓച്ചിറ കെട്ടുകാഴ്ചയാണ്. രാജ്പഥിൽ നടന്ന പരേഡിൽ നിറഞ്ഞു നിന്നത്. കെട്ടുകാളകൾ, പിന്നിൽ കുതിരയും വാദ്യമേളക്കാരും. ഉയർന്നു നിൽക്കുന്ന ഗോപുരം, കാളത്തലകൾ ചേർത്തുവച്ച ഗോപുര വാതിൽ, പടനിലം ഇതെല്ലാം പഞ്ചവാദ്യ കലാകാരൻ കുഞ്ഞിരാമൻമാരാരുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളോടെ ഡൽഹി വീഥി കൈയ്യടക്കി.