Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശിക്കെതിരായ ആരോപണം: മന്ത്രി എങ്ങനെ അന്വേഷിക്കുമെന്ന് ചെന്നിത്തല

Ramesh-Chennithala

തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതിരെ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിയമ മന്ത്രി എ.കെ.ബാലനെയും പി.കെ.ശ്രീമതി എംപിയേയും ചുമതലപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേഴ്‌വി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലന്‍ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതം. 

 ഓഗസ്റ്റ് 31 തന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം.  

ഓഗസ്റ്റ് 14 ന് തന്നെ പരാതി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.