Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോഗ്യനെങ്കിൽ ട്രംപിനെ നീക്കം ചെയ്യാൻ 25–ാം ഭേദഗതി ഉപയോഗിക്കണമെന്ന് സെനറ്റർ

Donald Trump

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്‍റ് പദവി വഹിക്കാൻ ഡോണൾഡ് ട്രംപ് അയോഗ്യനാണെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർത്തന്നെ കരുതുന്നെങ്കിൽ ആ പദവിയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാൻ സമയമായെന്ന് മാസച്യുസിറ്റ്സ് സെനറ്റർ എലിസബത്ത് വാറൺ. ട്രംപിന്‍റെ എടുത്തുചാട്ടം നിയന്ത്രിക്കാൻ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിലാണ് 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരിലൊരാളായ വാറന്‍റെ പ്രതികരണം.

ജോലികൾ ഭംഗിയായി നിർവഹിക്കാൻ പ്രസിഡന്‍റ് കരുത്തനല്ലെന്ന തോന്നൽ മുതിർന്ന ഉദ്യോഗസ്ഥർക്കുതന്നെയുണ്ടെങ്കിൽ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിക്കുകയാണ് വേണ്ടത്. പ്രസിഡന്‍റ് കാര്യപ്രാപ്തിയില്ലാത്തയാളെന്ന് വൈസ് പ്രസിഡന്‍റിനും ഉദ്യോഗസ്ഥർക്കും വ്യക്തമാകുകയാണെങ്കിൽ എന്തു ചെയ്യണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസിഡന്‍റിന് ചുറ്റും കൂടി രേഖകൾ മാറ്റിവയ്ക്കുകയും പേരുവയ്ക്കാതെ ലേഖനങ്ങൾ എഴുതുകയുമല്ല അതിന്‍റെ രീതി. യുഎസിന്‍റെ ഭരണഘടന ഉയർത്തിപ്പിടിക്കാമെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഓരോ ഉദ്യോഗസ്ഥരും. അവരുടെ കർത്തവ്യം നിർവ്വഹിക്കാനുള്ള സമയമായി എന്നവർ മനസിലാക്കണമെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വാറൺ പറഞ്ഞു.

ട്രംപിനെതിരെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിക്കുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർ ആദ്യ ഘട്ടത്തിൽ രഹസ്യമായി ആലോചിച്ചിരുന്നതാണെന്നും എന്നാൽ ഭരണഘടനാ സ്തംഭനം ഒഴിവാക്കാനായി ഇത്തരമൊരു നീക്കത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നുവെന്നും പേരു വെളിപ്പെടുത്താതെ ന്യൂയോർക്ക് ടൈംസിലെ ഓപ്പൺ എഡിറ്റോറയിൽ എഴുതിയ ലേഖനത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഭരണഘടന വ്യവസ്ഥ പ്രകാരമുള്ള നടപടി സ്വീകരിക്കുമ്പോൾ ഏതു രീതിയുള്ള പ്രതിസന്ധിയാണ് ഉടലെടുക്കുയെന്നാണ് ഇതിനോട് വാറൺ പ്രതികരിച്ചത്.

പ്രസിഡ‍ന്‍റിന് തന്‍റെ ജോലികൾ ചെയ്യാനുള്ള പ്രാപ്തിയുണ്ടെങ്കിൽ അദ്ദേഹത്തെ പിന്തുണയ്ക്കുകയോ മറിച്ചാണ് വിശ്വാസമെങ്കിൽ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നീങ്ങുകയോ ആണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്നും രണ്ടുമല്ലാത്ത ഒരു നിലപാടിൽ അർഥമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ടൈംസിലെ ഈ ലേഖനത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരമൊരു മുതിർന്ന ഉദ്യോഗസ്ഥനുണ്ടോയെന്ന കാര്യം തന്നെ സംശയാണെന്ന് ആരോപിച്ച അദ്ദേഹം ലേഖനം കടുത്ത വഞ്ചനയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.