Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുൾപൊട്ടലിനു കാരണം അശാസ്ത്രീയ നിർമാണങ്ങൾ: മൂന്നാറിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജിഎസ്ഐ

munnar-road മൂന്നാറിൽ റോഡ് തകർന്നു വാഹനങ്ങൾ അപകടത്തിൽപെട്ടപ്പോൾ (ഫയൽ‌ ചിത്രം)

ഇടുക്കി∙ മൂന്നാറിലെ അശാസ്ത്രീയ നിർമ്മാണങ്ങളാണ് ഉരുൾപൊട്ടലുകൾക്കു കാരണമെന്നു പ്രകൃതി ദുരന്തങ്ങൾ പഠിക്കാനെത്തിയ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടർ ജനറൽ മുരളീധരൻ പറഞ്ഞു. ചെളി നിറഞ്ഞ മണ്ണ് ധാരാളമുള്ള മൂന്നാറിൽ പ്രത്യേക ശ്രദ്ധ വേണം. നിരവധി  ഉരുൾപൊട്ടലുകൾ ഉണ്ടായ ഇടുക്കിയിൽ ഒരു മാസത്തോളം ജിഎസ്ഐ പഠനം നടത്തും. മഴയും ഭൂമികുലുക്കവും സ്ഫോടനങ്ങളുമാണ് ഉരുൾപൊട്ടലുകൾക്കു സാധാരണ കാരണങ്ങൾ. എന്നാൽ  കനത്ത മഴയാണ് കേരളത്തിലുണ്ടായ ഉരുൾപൊട്ടലുകൾക്കു വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കുന്നിടിച്ച് വലിയ നിർമാണങ്ങൾ നടത്തും മുൻപു മണ്ണു നീക്കം ചെയ്യുന്നതിനു ബദലായി സ്വീകരിക്കേണ്ട ശാസ്ത്രീയ മർഗ്ഗങ്ങൾ സ്വീകരിക്കണം. ശാസ്ത്രീയമായി കെട്ടിടം എവിടെയും നിർമിക്കാം, ഉരുൾപൊട്ടിയ പ്രദേശത്ത് പോലും. എന്നാൽ കേന്ദ്ര ഭൂമിശാസ്ത്ര സംഘം നൽകിയ നിർദേശങ്ങൾ പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. മൂന്നാറിലെ മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. അതുകൊണ്ടാണു മണ്ണിടിച്ചിൽ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ മണ്ണിടിച്ചിൽ ഉണ്ടായ മൂന്നാർ കോളജ് പരിസരത്ത് സംഘം പരിശോധന നടത്തി. മൂന്ന് പേരടങ്ങുന്ന സംഘം ഇടുക്കിയിൽ പഠനം തുടരും. പഠനം പൂർത്തിയാക്കിയാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ജില്ലാ കലക്ടർമാർക്കും റിപ്പോർട്ട് സമർപ്പിക്കും

ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ സർക്കാര്‍ കോളജിലെ അധ്യയനം പുനരാരംഭിക്കാത്തതോടെ വിദ്യാർഥികൾ പ്രതിസന്ധിയിലായി. കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശം ഇപ്പോഴും അപകടാവസ്ഥയിലാണ്. പുതിയ കെട്ടിടം കണ്ടെത്തി ക്ലാസുകൾ വീണ്ടും ആരംഭിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉരുള്‍പൊട്ടലും മഴയും തകര്‍ത്ത റോഡുകളില്‍ ഏറെയും അപകടനിലയിലാണ്. ഇരവികുളം ദേശീയോദ്യാനത്തിലേക്ക് ഉള്‍പ്പെടെ ഗതാഗതം അതീവദുഷ്കരമാണ്. തകര്‍ന്ന പാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു. പല മേഖലകളും ഒറ്റപ്പെട്ട നിലയില്‍ തുടരുന്നു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.