Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്കൽ കള്ളന്മാർ പിന്മാറുന്നു; കേരളം നോട്ടമിട്ട് ക്രൂരന്മാരുടെ വരവ്

kannur-theft പ്രതീകാത്മക ചിത്രം

കണ്ണൂർ ∙ ഓടു പൊളിച്ചും പൂട്ടു തകർത്തും മോഷണം നടത്തുന്ന ലോക്കൽ കള്ളൻമാരുടെ കാലം കഴിഞ്ഞു. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യിൽ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാർ കേരളത്തിൽ സജീവമാകുന്നുവെന്നാണു പുതിയ സൂചനകൾ. കൂടുതൽ ക്രൂരന്മാരായ സംഘങ്ങൾ വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളൻമാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളൻമാരാണ് ഇന്ന് കേരളത്തിൽ ഉളളത്. ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവർ.

ബംഗ്ലദേശിൽനിന്നു പോലും സംഘമായി കേരളത്തിലെത്തി കവർച്ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ സംഘങ്ങളുണ്ട്. വലിയ സംഘം ഒരുമിച്ചെത്തി ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഭാഗത്തുമായി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കണ്ണൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ വൻ കൊളളയിൽ നടുങ്ങിയിരിക്കുകയാണു സംസ്ഥാനം. വീട്ടുകാരെ കെട്ടിയിട്ടു മർദിച്ചു കവർന്നത് 30 പവനും 15,000 രൂപയും മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും. പുലർച്ചെ രണ്ടു മണിയോടെ മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണ് കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മാധ്യമ പ്രവർത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ മുഖംമൂടിധരിച്ച നാലു പേർ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുൻപു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമർദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായിൽ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേർത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂർ വീട്ടിനുള്ളിൽ അഴിഞ്ഞാടിയ നാലംഗ സംഘം വൻ കൊള്ള നടത്തിയാണു മടങ്ങിയത്.

അകത്തു കയറിയ സംഘം രണ്ടു മണിക്കൂർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. ആക്രമണത്തിലും തിരിച്ചു പോക്കിലും സംശയമില്ലാത്തവിധം കൃത്യമായ നീക്കങ്ങൾ. പോകാൻ നേരം വിനോദ് ചന്ദ്രന്റെ കഴുത്തിനു വീണ്ടും മർദിച്ചു. പുലർച്ചെ നാലു മണിയോടെ രണ്ടു മണിക്കൂർ നീണ്ട കൊടും പീഡനങ്ങൾക്കു ശേഷം വിനോദ് ചന്ദ്രൻ പണിപ്പെട്ടു സ്വന്തം കയ്യിലെ കെട്ടഴിച്ചു. പിന്നെ കാലിലെയും. ജീവൻ നഷ്ടപ്പെട്ടില്ല എന്ന സമാധാനം മാത്രം. ഉടൻ സഹപ്രവർത്തകരെ വിളിച്ചു വിവരമറിയിച്ചു. സിറ്റി പൊലീസ് വീട്ടിലെത്തിയപ്പോഴാണു കവർച്ച പുറംലോകമറിയുന്നത്. വീടിന്റെ സുരക്ഷയിൽ സമാധാനിച്ചു കഴിയുന്നവരെ നടുക്കുന്നതാണു വെളുപ്പിനുണ്ടായ വൻ കവർച്ച. കൊള്ളയ്ക്കിടയിൽ അക്രമികളുടെ മർദനമേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു.

theft-police-4c കണ്ണൂരിൽ മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന പൊലീസ്

വിനോദ് ചന്ദ്രനും ഭാര്യ സരിതയും തനിച്ചാണു താമസമെന്നു മനസ്സിലാക്കിയതു പോലെ തീർത്തും പ്രഫഷനലായിരുന്നു കവർച്ച. വീട്ടുമുറ്റത്തെ മതിലിനോടു ചേർന്നു കിട്ടിയ ചുവപ്പ്, ഇളംനീല നിറങ്ങളിൽ രണ്ടു തൊപ്പികൾ, വീട്ടിനകത്തു നിന്നു ലഭിച്ച ലൈറ്റർ, മുൻവാതിൽ തകർക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മരത്തടി എന്നിവയാണ് കവർച്ചക്കാർ അവശേഷിപ്പിച്ചു പോയ തെളിവുകൾ. കവർച്ച നടന്നതായി സംശയിക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെ ക്യാമറയിൽ പതിഞ്ഞ നീല ഇൻഡിക്ക കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ഈ കാർ പല തവണ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരെ കെട്ടിയിടാൻ ഉപയോഗിച്ച തുണിയുടെ മണം പിടിച്ചു പൊലീസ് നായ താഴെചൊവ്വ റെയിൽവേ ഗേറ്റ് കടന്നു ദേശീയപാത വരെ വന്നു നിൽക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തു നിന്നു തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.

തീർത്തും പ്രാദേശികമായ ഹിന്ദി ഭാഷയിലാണ് കവർച്ചക്കാർ സംസാരിച്ചിരുന്നതെന്ന് ആക്രമിക്കപ്പെട്ട കുടുംബം പൊലീസിനു മൊഴി നൽകി. മർദിക്കുന്നതിനിടയിൽ ‘വേർ ഈസ് ഗോൾഡ്, വേർ ഈസ് മണി’ എന്നു ചോദിച്ചതായും കവർച്ചയ്ക്കു ശേഷം പുറത്തേക്കു നോക്കി ജൽദി, ജൽദി ഗാഡി ആവോ (വേഗം, വേഗം, വണ്ടി കൊണ്ടു വാ) എന്നും സരിതയുടെ കമ്മൽ ഊരിയെടുക്കുന്ന വേളയിൽ ‘കൂൾ ഡൗൺ’ എന്നും പറഞ്ഞതായാണു മൊഴി. ഇവരുടെ കവർച്ചാ രീതി ഉത്തരേന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ മോഷണസംഘങ്ങളുടെ രീതിയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ കൈവശം നീളമുള്ള കത്തിയും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു.

related stories