Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേപ്പിനുള്ള സെക്‌ഷനില്ല; പണ്ഡിതനാണെന്നു തോന്നുന്നു: കയ്യടി നേടി പൊലീസ് ട്രോൾ

kerala-police-trolls കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജിലെ കമന്റുകൾ.

തിരുവനന്തപുരം∙ ഇങ്ങനെ പോയാൽ കേരള പൊലീസിനെ പിടിച്ചാൽ കിട്ടില്ലെന്നാണു സമൂഹമാധ്യമങ്ങളിലെ അടക്കംപറച്ചിൽ‌; അമ്മാതിരി ട്രോളല്ലേ പഹയൻമാർ ഉണ്ടാക്കിവിടുന്നതെന്നു ന്യൂജൻ ചോദിക്കുന്നു. ട്രോളുകളുടെ കാര്യത്തിൽ മറ്റു ട്രോൾ പേജുകളെപോലും കടത്തിവെട്ടുകയാണു കേരള പൊലീസ്. പേജിൽ പോസ്റ്റ് ചെയ്യുന്ന മിക്ക പോസ്റ്റുകളും ഹാസ്യരൂപേണയാണ്. ഇതിനുള്ള കമന്റുകളിൽ ‘സിവിൽ ട്രോളന്മാർ’ കമന്റിടുമ്പോൾ, ഉരുളക്കുപ്പേരി പോലെയാണ് ‘യൂണിഫോം ട്രോളന്മാർ’ മറുപടി നൽകുന്നത്.

അടുത്തിടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ടയർ സുരക്ഷാ പോസ്റ്റിനു താഴെ ഒരു വിരുതന്റെ സംശയം ഇങ്ങനെ: ‘ഒരു ഡൗട്ട് ഉണ്ട്. തേപ്പ് കിട്ടിയ ബോയ്സ് കംപ്ലെയിന്റ് ചെയ്താൽ നീതി കിട്ടുമോ?’. തേപ്പിനുള്ള സെക്‌ഷൻ ഐപിസിയിലില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. അതിലെ സങ്കട‍ം പങ്കിടാൻ തേപ്പനുഭവവുമായി ഒരു കൂട്ടമെത്തി. കമന്റ്സിലും റിപ്ലൈയിലും തേപ്പ് നിറഞ്ഞപ്പോള്‍ വീണ്ടും പൊലീസെത്തി. ‘നിനക്ക് നല്ല വിഷമമുണ്ടല്ലേ’ എന്ന ട്രോൾ ചിത്രവുമായി.

troll-comments

ഓടിച്ചോളൂ പക്ഷേ പറപ്പിക്കരുത് എന്ന റോഡ് സുരക്ഷാ പോസ്റ്റിനും വന്നു കിടിലൻ മറുപടി: ‘നല്ല മദ്യം കാണുമ്പോൾ കുടിക്കാനും നല്ല റോഡ് കാണുമ്പോൾ പറപ്പിക്കാനും തോന്നുക സ്വാഭാവികം. ആ സമയങ്ങളിൽ നമ്മുടെ ശരീരവും ജീവനും നമ്മുടെ മാത്രം കൈകളിലാണെന്നു ഓർത്താൽ മതി; ചിലപ്പോൾ മറ്റുള്ളവരുടേതും. ഡ്രൈവ് റെസ്പോൺസിബിലി.’ ഇതുവായിച്ച് അന്തംവിട്ട പൊലീസ് ട്രോളന്മാർ‌ പ്രതികരണം ഒറ്റവരിയിലൊതുക്കി: ‘പണ്ഡിതനാണെന്നു തോന്നുന്നു’. ഈ മറുപടിക്കുള്ള ലൈക്ക് 2100 പിന്നിട്ടു.

പൊലീസ് സേനകളുടെ ഫെയ്സ്ബുക് പേജുകളിൽ കൂടുതൽ ലൈക്കുമായി കേരള പൊലീസിനെ ഒന്നാമതെത്തിച്ചതു ട്രോളുകളും ട്രോളന്മാരുമാണ്. ആഴ്ചകൾക്ക് മുൻപാണ് കേരള പൊലീസ് ഫെയ്സ്ബുക് പേജ് ഈ നേട്ടം കൈവരിച്ചത്. പൊലീസ് ആസ്ഥാനത്തു കേക്ക് മുറിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റ നേട്ടം ആഘോഷിച്ചത്. രാജ്യത്ത് എല്ലാ പൊലീസ് സേനകൾക്കും ഫെയ്സ്ബുക് ഉണ്ടെങ്കിലും ലൈക്കുകളിലൂടെ ഹിറ്റായത് കേരള പൊലീസാണ്.

ബെംഗളൂരു സിറ്റി പൊലീസിന്റെ പേജിനെ മറികടന്നാണു 7,19,852 ലൈക്കുമായി കേരള പൊലീസ് മുന്നിലെത്തിയത്. പൊലീസിന്റെ ഗൗരവമില്ലാതെ, തമാശകളിലൂടെയും ട്രോളുകളിലുടെയും സന്ദേശങ്ങളും ബോധവൽക്കരണവും നടത്തിയാണു പേജ് ഹിറ്റായത്.