Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സർക്കാർ പരാജയം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മൻമോഹൻ സിങ്

Narendra Modi, Manmohan Singh പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും.

ന്യൂഡൽഹി∙ നോട്ടുനിരോധനം, തൊഴിൽ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വർഷവും തൊഴിലവസരങ്ങളുടെ നിരക്കിൽ ഇടിവുണ്ടായി. തൊഴിലവസരങ്ങളെക്കുറിച്ച് മോദി സർക്കാർ നൽകുന്ന കണക്കുകളിൽ ജനത്തിന് താൽപര്യം നഷ്ടമായെന്നും മൻമോഹൻ പറഞ്ഞു.

സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ പതുക്കെ ക്ഷയിപ്പിക്കുന്ന നിലപാടാണ് മോദി സർക്കാർ തുടരുന്നതെന്നു പറഞ്ഞ മൻമോഹൻ, 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു ബദൽ ഉയർത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ രചിച്ച ‘ഷെയ്ഡ്സ് ഓഫ് ട്രൂത്ത്’ എന്ന ഗ്രന്ഥം മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കൊപ്പം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ കോട്ടങ്ങൾ വ്യക്തമാക്കുന്ന പുസ്തകത്തിൽ പറയുന്ന വിഷയങ്ങളിൽ ദേശീയതലത്തിൽ സംവാദം ഉയർത്താനാകണമെന്നും മൻമോഹൻ അഭിപ്രായപ്പെട്ടു.

നിലവിലെ സർക്കാർ വന്നതിനു ശേഷം രാജ്യത്തു സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കുകൾ സംശയകരമാണ്. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും സർക്കാരിന്റെ പ്രവർത്തനം ഒട്ടും തൃപ്തികരമായില്ലെന്ന് മൻമോഹൻ  പറ‍‍ഞ്ഞു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് ഈ സർക്കാർ പ്രത്യക്ഷമായി ഒന്നു ചെയ്തില്ല. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയമായിരുന്നു. വേണ്ട പോലെ ആലോചനയില്ലാതെ ഇവ നടപ്പാക്കിയത് സംരംഭക മേഖലയെ തകർത്തു. മേക്ക് ഇൻ ഇന്ത്യക്കും സ്റ്റാൻഡ് അപ്പ് ഇന്ത്യക്കും വ്യാവസായിക മേഖലയിലേക്ക് ഇനിയും കാര്യമായ സംഭാവന നൽകാൻ സാധിച്ചിട്ടില്ല – മൻമോഹൽ സിങ് പറഞ്ഞു.

പുസ്തകപ്രകാശനത്തിനു ശേഷം നടന്ന സംവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, കപിൽ സിബൽ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദൻ മിത്ര, പുറത്താക്കപ്പെട്ട ജനതാദൾ നേതാവ് ശരത് യാദവ് എന്നിവർ പങ്കെടുത്തു. സംവാദത്തിനെത്തുമെന്നറിയിച്ച മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അസാന്നിധ്യവും ശ്രദ്ധ നേടി.

വ്യക്തമായ രാഷ്ട്രീയ പരിചയമുള്ള ഒരു പ്രാദേശിക നേതാവിനു മാത്രമേ പ്രതിപക്ഷ മുന്നണിയെ നയിക്കാനാകൂവെന്ന് ചന്ദൻ മിത്ര അഭിപ്രായപ്പെട്ടു. 2019 ലെ പൊതുതിരഞ്ഞെടുപ്പ് വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഒരു കൂട്ടമാകുമെന്ന് പി.ചിദംബരം പറഞ്ഞു. പ്രതിപക്ഷ മുന്നണിയുടെ നേതാവിനെ മുൻകൂട്ടി പ്രഖ്യാപിച്ചുള്ള ഒരു തിരഞ്ഞെടുപ്പാവില്ല അതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ മുന്നണിയുടെ നേതാവാകണമെന്ന അത്യാഗ്രഹമില്ലെന്നായിരുന്നു ശരത് യാദവിന്റെ അഭിപ്രായം. മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സീതാറാം യെച്ചൂരിയുടെ അഭിപ്രായം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.