Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുചേർന്നു യുദ്ധത്തിനില്ല, എന്നും യുദ്ധത്തിനെതിര്: പാക്കിസ്ഥാൻ പ്രധാനമന്ത്രി

Imran Khan

ഇസ്‍ലാമാബാദ്∙ മറ്റു രാജ്യങ്ങൾ നടത്തുന്ന യുദ്ധങ്ങളിൽ പാക്കിസ്ഥാൻ ഇനി പങ്കാളിയാവില്ലെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ‍. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാൻ ഖാൻ നിലപാടു വ്യക്തമാക്കിയത്. തുടക്കം മുതലേ താൻ യുദ്ധങ്ങൾക്ക് എതിരായിരുന്നുവെന്നും രാജ്യതാത്പര്യം സംരക്ഷിക്കുന്നതാകും തന്‍റെ വിദേശ നയമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ഇമ്രാൻ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീർ പ്രശ്ന പരിഹാരം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്നും കൂട്ടിച്ചേർത്തു. കശ്മീരിൽ ഇന്ത്യ നടത്തുന്നതായി പറയപ്പെടുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയർത്താൻ ലോക രാജ്യങ്ങൾ തയാറാകണമെന്ന ആവശ്യവും പാക്ക് പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

തീവ്രവാദത്തിനെതിരായ പോരാട്ടം സമ്മാനിച്ച യാതനകളെയും നാശങ്ങളെയുംകുറിച്ചു സംസാരിക്കുമ്പോഴാണു മറ്റു രാജ്യങ്ങളുമായി കൂട്ടുചേർന്നു നടത്തുന്ന യുദ്ധങ്ങളിൽ ഭാവിയിൽ പാക്കിസ്ഥാൻ പങ്കാളിയാകില്ലെന്ന് ഇമ്രാൻ വ്യക്തമാക്കിയത്. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ സൈന്യത്തെപ്പോലെ പോരാട്ടം നടത്തിയ മറ്റൊരു സേന ലോകത്തില്ല. എല്ലാതരം ഭീഷണികളെയും മറികടന്നു പാക്കിസ്ഥാനെ സുരക്ഷിതമാക്കാൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും വഹിക്കുന്ന പങ്കു സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈന്യവും ഭരണകൂടവും തമ്മിൽ ഭിന്നതകളില്ലെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ സമാന സമീപനവും ചിന്തയുമാണുള്ളതെന്നും ഇമ്രാൻ വ്യക്തമാക്കി.