Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനസരോവർ യാത്രയുടെ ചിത്രങ്ങളുമായി രാഹുൽ; വ്യാജമെന്ന് ബിജെപി

rahul-gandhi

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈലാസ- മാനസരോവർ യാത്രയെ കുറിച്ച് ഉയരുന്ന വിവാദങ്ങൾക്കിടെ അദ്ദേഹത്തിന്റെ യാത്രയുടെ കൂടുതൽ ചിത്രങ്ങളും വിഡിയോയും പുറത്ത്. ബേസ് ക്യംപിൽ മറ്റു യാത്രക്കാർക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ഞുമൂടിയ കൈലാസ പർവതത്തിന്റെ പശ്ചാത്തലത്തിലുള്ള രാഹുലിന്റെ ചിത്രവുമാണ് പുറത്തുവിട്ടത്. ഒപ്പം മറ്റു യാത്രികർക്കൊപ്പം നിൽക്കുന്ന വിഡിയോയും പുറത്തുവന്നു. ശിവനാണ് പ്രപഞ്ചം എന്ന അടിക്കുറിപ്പോടെ കൈലാസ പർവതത്തിന്റെ വിഡിയോയും രാഹുൽ ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് പല വിവാദവും ഇതിനോടകം ഉയർന്നുകഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ കൈലാസ- മാനസരോവർ യാത്രയുടേത് എന്ന പേരിൽ പുറത്തുവരുന്നത് വ്യാജചിത്രമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. ഊന്നുവടിയും പിടിച്ചു സഹയാത്രികനൊപ്പം നിൽക്കുന്ന രാഹുലിന്റെ ചിത്രത്തെ ചൊല്ലിയാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം. ഊന്നുവടിയുടെ നിഴൽ പതിച്ചിട്ടില്ലാത്തതിനാൽ ചിത്രം കൃത്രിമമാണെന്ന് അദ്ദേഹം ആരോപിച്ചു.

ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ വാദം. ഇതിനുശേഷം മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.

‘ഇവിടെ വെറുപ്പ് ഇല്ല’ എന്ന അടിക്കുറിപ്പോടെ മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ‘ആര്‍ക്കും ഈ ജലം കുടിക്കാം. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന, പ്രശാന്തതയോടെ ഒഴുകുന്ന തടാകമാണിത്’– മാനസരോവറിനെ കുറിച്ച് രാഹുൽ എഴുതി. കഴിഞ്ഞ 31ന് ആരംഭിച്ച തീർഥയാത്ര പൂർത്തിയാക്കി ഈ മാസം 12നു രാഹുൽ മടങ്ങിയെത്തും.