Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ ഇടിവ്: വിദേശകടത്തിൽ ഇന്ത്യക്ക് 68,500 കോടി അധിക ബാധ്യത

Rupee down

മുംബൈ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഈ വർഷം 11 ശതമാനം കുറഞ്ഞതോടെ ഹ്രസ്വകാല കടങ്ങൾ അടയ്ക്കാൻ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യത. രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് ഈ കണക്ക്. ഡോളറിന് 72 രൂപ കടന്ന വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരുന്നു. ഇന്ധനം വാങ്ങുന്നതിനുളള അധികബാധ്യതയ്ക്കൊപ്പം ഇതും രാജ്യത്തിനു തിരിച്ചടിയാണ്.

വിനിമയ നിരക്ക് ഈ വർഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താൽ ഇന്ത്യയുടെ എണ്ണ ബില്ലിൽ മാത്രം 45,700 കോടിയുടെ വർധനയുണ്ടാകുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വിവിധ കമ്പനികളുടെ വാണിജ്യകടങ്ങളും പ്രവാസ നിക്ഷേപങ്ങളമടങ്ങുന്ന ഇന്ത്യയുടെ ഹ്രസ്വകാല കടം 2017 ൽ 217.6 ബില്യൺ ഡോളറായിരുന്നു. ഇതിൽ പകുതി 2018ന്‍റെ ആദ്യ പകുതിയിൽ അടച്ചു തീർക്കുകയോ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തതായി അനുമാനിച്ചാൽ പോലും ഡോളറിന്‍റെ വിനിമയ ശരാശരിയായ 65.1 എന്ന നിലയിൽ കണക്കാക്കിയാൽ 7.1 ലക്ഷം കോടി രൂപ തിരിച്ചടക്കാനായുണ്ടാകും.

നടപ്പു സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ രൂപയുടെ വിനിമയ നിരക്കിന്‍റെ ശരാശരി 71.4 ആയി കണക്കാക്കിയാലും, തിരിച്ചടക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയാകും. 70,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുകയെന്നും സൗമ്യ കാന്തി ഘോഷിന്‍റെ കുറിപ്പ് വ്യക്തമാക്കുന്നു.