Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാദ്യം നൂറിൽ തൊടും, പെട്രോളോ രൂപയോ?; ഒന്നിലും കുലുങ്ങാതെ ഡോളർ

സോയി പുളിക്കൽ
Author Details
Rupee | Currency Notes

രൂപയും പെട്രോളും തമ്മിൽ മൽസരമാണോ? ആരാദ്യം നൂറിൽ തൊടുമെന്ന മൽസരം. രണ്ടിന്റെയും വില രാജ്യത്ത് റെക്കോർഡിലാണ്. ഡോളറുമായുള്ള പോരിൽ ഒരാഴ്ചയായി രൂപ തോറ്റു നിൽക്കുകയാണ്. ഒരു ഡോളർ വാങ്ങാൻ 72 രൂപ കൊടുക്കേണ്ട റെക്കോർഡ് അവസ്ഥയിലായിരുന്നു ഇന്നലെ. ഇന്നും വിപണിയിൽ കാര്യമായ മാറ്റമൊന്നും കാണുന്നില്ല. രാവിലെ അൽപം മെച്ചപ്പെട്ട് 71.99 രൂപവരെ എത്തിയെന്നു മാത്രം.

എന്തേ രൂപ ഇങ്ങനെ?

രൂപയുടെ വിലയിടിയാൻ ഒരുപാടു കാരണങ്ങളുണ്ട്. എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ വിപണികളിൽനിന്നു വിറ്റൊഴിയുന്നത്, കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് അഥവാ വ്യാപാരക്കമ്മി, അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം തുടങ്ങിയവയെല്ലാം വിലയിടിവിനുള്ള കാരണങ്ങളാണ്. ഈവർഷം ഇതുവരെ 13% ഇടിവാണു ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു സംഭവിച്ചത്. വികസ്വര രാജ്യങ്ങളിൽ ഏറ്റവും ഇടിവുനേരിട്ട കറൻസിയും ഇന്ത്യൻ രൂപതന്നെ.

രാജ്യാന്തര ഇടപാടുകളിലെല്ലാം പണം ഡോളറായിത്തന്നെ നൽകണം. എണ്ണ വാങ്ങണമെങ്കിലും റഫാൽ വിമാനം വാങ്ങണമെങ്കിലും റഷ്യയിൽനിന്ന് എകെ 47 തോക്ക് വാങ്ങണമെങ്കിലുമെല്ലാം വിനിമയം ഡോളറിൽത്തന്നെ വേണം. അങ്ങനെ വരുമ്പോൾ ഡോളറിനു ഡിമാൻഡ് കൂടും. ഡിമാൻഡുള്ള വസ്തുവിനു വില കൂടുമെന്നതു വിപണിയിലെ സാമാന്യ നിയമം.

ഇന്ത്യ, ക്രൂഡ് ഓയിൽ പ്രധാനമായും ഇറക്കുമതി ചെയ്യുകയാണ്. രാജ്യാന്തര വിപണിയിൽ എണ്ണവില കൂടുമ്പോൾ ഇന്ത്യയുടെ ഡോളർ ചെലവു കൂടും. ഇറാനിൽനിന്ന് എണ്ണ വാങ്ങിയാണ് ഈ പ്രതിസന്ധി ഒരു പരിധിവരെ മറികടന്നിരുന്നത്. വാങ്ങുന്ന എണ്ണയുടെ വില രൂപയായി തന്നാലും മതിയെന്ന്, ഉപരോധത്തിൽ തളർന്നു ഗതികെട്ടുനിൽക്കുന്ന ഇറാൻ, ഇന്ത്യയോടു സമ്മതിച്ചിരുന്നു. നിലവിൽ അമേരിക്ക ഇറാനെതിരായ ഉപരോധം കടുപ്പിച്ചു. വല്യേട്ടൻ കണ്ണുരുട്ടിയതോടെ ഇറാനിൽനിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നു ഡോളർ നൽകിത്തന്നെ എണ്ണ വാങ്ങണം. എണ്ണവിലയാകട്ടെ ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.

വ്യാപാരക്കമ്മി

ക്രൂഡ് ഓയിലായാലും മറ്റെന്തെങ്കിലും അസംസ്കൃത വസ്തുക്കളോ യന്ത്രങ്ങളോ ആയാലും ഇറക്കുമതിക്ക് ഡോളർതന്നെ വേണം. അതായതു ഡോളർ ചെലവാകുന്ന വഴിയാണ് ഇറക്കുമതി. കയറ്റുമതി ചെയ്താൽ നമുക്കും കിട്ടും ഡോളർ. കയറ്റുമതിയേക്കാൾ കൂടുതലാണ് ഇറക്കുമതിയെങ്കിലോ? ചെലവാക്കുന്നതിനനുസരിച്ചു ഡോളർ വരവില്ലാതെ വരുമ്പോൾ വ്യാപാര കമ്മി (കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്) കൂടും. വ്യാപാരക്കമ്മി ഡോളറിന്റെ ഡിമാൻഡ് കൂട്ടും. നിലവിലെ രൂപയുടെ മൂല്യശോഷണത്തിന് ഈ അവസ്ഥയും കാരണമാണ്.

ഊഹക്കച്ചവടം

ഡോളർ കയ്യിലില്ലെങ്കിൽ വിദേശ കച്ചവടങ്ങൾ നടക്കില്ല. ഈ പോക്കുപോയാൽ ഡോളർ നൂറിൽ തൊടും എന്നുവരെ പറയുന്നവരുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാലോ എന്നു പേടിച്ച് ഇറക്കുമതിക്കാർ ഡോളർ വാങ്ങിവയ്ക്കുകയാണ്. ഈ വാങ്ങിക്കൂട്ടൽ ഡോളറിന്റെ ഡിമാൻഡ് കൂട്ടി, രൂപയുടെ വിലയിടിച്ചു.

ആഭ്യന്തര കാരണങ്ങൾ

രാജ്യത്തെ രാഷ്ട്രീയ കാലവസ്ഥയും മെച്ചമല്ല. 2019ലെ തിരഞ്ഞെടുപ്പിൽ എന്തു സംഭവിക്കും എന്നു പറയാൻ വയ്യ. ഇനി, അവിയൽ മുന്നണിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ എല്ലാവരെയും തൃപ്തിപ്പെടുത്തിയുള്ള ഭരണം ധനകാര്യ മേഖലയ്ക്ക് അത്ര ഗുണകരമായെന്നു വരില്ല. തൽക്കാലം ഇവിടെനിന്നു വിട്ടുനിൽക്കുന്നതാണു നല്ലത് എന്നു കരുതി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിലെ അവരുടെ നിക്ഷേപങ്ങൾ വൻതോതിൽ വിറ്റു പണം രാജ്യത്തുനിന്നു കൊണ്ടുപോകുന്നു. ഇവിടെയും ഡോളറിന്റെ ആവശ്യം കൂടുകയാണ്.

നേട്ടമുണ്ടാക്കുന്നവർ

ഈ അവസ്ഥയിൽ നേട്ടമുണ്ടാക്കുന്നവരുമുണ്ട്. ഏറ്റവും നേട്ടമുണ്ടാക്കുക വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർതന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഐടി പ്രഫഷനൽ ഒരു വർഷം മുൻപ് ഒരു ഡോളർ നാട്ടിലേക്കയച്ചാൽ 60 രൂപ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 70 രൂപയ്ക്കു മുകളിൽകിട്ടും. ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിലും നിലവിൽ ഈ നേട്ടമുണ്ട്. ഐടി കമ്പനികൾ പോലെ കയറ്റുമതിയെ ആശ്രയിക്കുന്നവർക്കും ഈ സമയം നേട്ടത്തിന്റെതാണ്. അവർക്കു വരുമാനം കൂടും. പക്ഷേ, ഇവിടെയും ഒരു പ്രശ്നമുണ്ട്. കൂടിയ വിലയ്ക്ക് കച്ചവടം പരമാവധി കുറയ്ക്കാനാകും അവരുടെ വിദേശ ഇടപാടുകാർ ശ്രമിക്കുക.

വില കൂടും

രൂപയുടെ വിനിമയ മൂല്യം കുറയുമ്പോൾ ഡോളറിൽ ഇടപാടു നടത്തുന്ന വൻകിടക്കാരെയല്ലേ ബാധിക്കുക എന്നു കരുതി ആശ്വസിക്കേണ്ട. വൻകിട കയറ്റുമതിക്കാരെ മാത്രമല്ല, സാധാരണക്കാരെയും ഇപ്പോഴത്തെ പ്രതിസന്ധി ബാധിക്കും. ഇറക്കുമതിചെയ്യുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്ന സോപ്പും ചീപ്പുമടക്കമുള്ള സാധനങ്ങൾക്കെല്ലാം വിലകൂടും. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന പൊതുഗതാഗതത്തെയും ചരക്കുനീക്കത്തെയുമെല്ലാം ബാധിക്കും. കാറിനും സ്മാർട് ഫോണിനും മുതൽ വിദേശ പഠനത്തിനുവരെ ചെലവു കൂടും. നിത്യോപയോഗ സാധനങ്ങൾക്കും വിലകൂടും. രാജ്യത്ത് പണപ്പെരുപ്പമുണ്ടാകും.

റിസർവ് ബാങ്ക് അടുത്ത പണനയത്തിൽ പലിശ നിരക്കുകൾ 0.25 ബേസിക് പോയിന്റ് എങ്കിലും കൂട്ടുമെന്നാണു കരുതുന്നത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്കിനു നടപടികൾ എടുത്തേ പറ്റൂ. ഇതു ഭവനവായ്പ അടക്കമുള്ളവയുടെ പലിശ കൂടാൻ കാരണമാകും.

റിസർവ് ബാങ്കിന്റെ ഇടപെടൽ

വിപണിയിൽ ഡോളറിന്റെ ലഭ്യത കൂട്ടി റിസർവ് ബാങ്ക് നിലവിലെ അവസ്ഥയ്ക്കു നേരിയ ആശ്വാസം പകരും എന്നുതന്നെയാണു പ്രതീക്ഷ. പക്ഷേ, കരുതൽ ശേഖരത്തിൽ കൈയിട്ടുള്ള കൈവിട്ടുകളിക്ക് ഒരു പരിധിക്കപ്പുറം റിസർവ് ബാങ്കും തയാറാകുമെന്നു കരുതാൻ വയ്യ. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ആഭ്യന്തര രാഷ്ട്രീയവുമെല്ലാം വരും ദിനങ്ങളിലും രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.