Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേശവേന്ദ്ര കുമാ‍റിന് ആ വാശിയുണ്ട്: കലക്ടറെ വാഴ്ത്തി സമൂഹമാധ്യമം

Keshavendra Kumar കേശവേന്ദ്ര കുമാർ (ഫയൽ ചിത്രം).

കോട്ടയം ∙ പൊതുജനങ്ങളുടെ കയ്യടി നേടുന്ന സിവിൽ സർവീസ് ഓഫിസർമാരുടെ കൂട്ടത്തിലേക്ക് കേശവേന്ദ്ര കുമാർ. ഇപ്പോൾ വയനാട് ജില്ലാ കലക്ടറുടെ അധിക ചുമതലയുള്ള ഉദ്യോഗസ്ഥനും പ്രളയത്തിൽ മുങ്ങിയ വയനാടിനെ വീണ്ടെടുക്കാൻ നിയോഗിക്കപ്പെട്ട സ്പെഷൽ ഓഫിസറുമാണ് ഈ ചെറുപ്പക്കാരൻ. 2012 ഫെബ്രുവരിയിൽ ഹയർസെക്കൻഡറി ഡയറക്ടറായിരിക്കെ കെഎസ്‍യു പ്രവർത്തകരുടെ കരിഓയിൽ പ്രതിഷേധത്തിന് ഇരയായ ഉദ്യോഗസ്ഥൻ. അധികമാരും വാഴ്ത്താതെയും ശ്രദ്ധിക്കപ്പെടാതെയും പോയ ഉദ്യോഗസ്ഥനാണെന്നാണ് സമൂഹമാധ്യമത്തിൽ കേശവേന്ദ്ര കുമാറിനെ വിശേഷിപ്പിക്കുന്നത്.

സ്വന്തം കസേരയിലിരുന്നു മാത്രമേ കേശവേന്ദ്ര കുമാർ ജോലിചെയ്തിട്ടുള്ളു. അതാവും ഒരു മാധ്യമപ്രവർത്തകനും അദ്ദേഹത്തെ വാഴ്ത്തിക്കണ്ടിട്ടില്ലാത്തതെന്ന് അശോക് കർത്ത സമൂഹമാധ്യമത്തിൽ കുറിച്ചു. വയനാട്ടിൽ 3000 കുടുംബങ്ങൾക്കു ഭൂമി കിട്ടിയ കഥയും കുറിപ്പിൽ പറയുന്നുണ്ട്. ഇതൊക്കെ കലക്ടറുടെ തൊഴിലല്ലേ എന്നു പറയുന്നവരുണ്ടാകാം. അതെ, കലക്ടർ തന്റെ തൊഴിൽ ചെയ്താൽ മതി. മാധ്യമങ്ങളിൽ വരണമെന്നില്ല. ജനങ്ങൾക്കു ഗുണം ലഭിക്കും. പക്ഷേ അങ്ങനെയൊരു വാശി പലപ്പോഴും കലക്ടർമാർ കാണിക്കാറില്ല. കേശവേന്ദ്രകുമാ‍ർ അതേ കാണിക്കൂ. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്– അശോക് കർത്ത പറയുന്നു.

അശോക് കർത്തയുടെ പോസ്റ്റിൽനിന്ന്:

ഇന്നെനിക്കെന്തോ കേശവേന്ദ്ര കുമാറിനെപ്പറ്റി എഴുതാൻ തോന്നുന്നു. കരിയോയിലു വീണ കലക്ടർ. സ്വന്തം കസേരയിലിരുന്നു മാത്രമേ കേശവേന്ദ്ര കുമാർ ജോലിചെയ്തിട്ടുള്ളു. അതാവും ഒരു മാധ്യമ പ്രവർത്തകനും അദ്ദേഹത്തെ വാഴ്ത്തിക്കണ്ടിട്ടില്ല. ബിഹാറിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, റെയിൽ‌വേയിൽ ബുക്കിങ് ക്ലർക്കായി, അവിടെയിരുന്ന് ഇഗ്നോവിലൂടെ ബിരുദമെടുത്ത്, 22–ാം വയസിൽ ആദ്യ ചാൻസിൽ 45–ാം റാ‍ങ്കോടെ ഐഎഎസ് നേടിയ വ്യക്തിയാണു കേശവേന്ദ്ര കുമാർ. അങ്ങനെയൊരാൾക്കു സെലിബ്രിറ്റി ഹൈപ്പ് കൊടുക്കുന്നതിൽ മാധ്യമപ്രവർത്തകർക്ക് അസൂയ കാണും. അതൊന്നുമല്ലല്ലോ അവരുടെ സങ്കൽപത്തിലെ ഐഎഎസ് വഴികൾ.

അല്ലെങ്കിൽതന്നെ അദ്ദേഹം ചെയ്തതൊന്നും മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ളതായിരുന്നില്ല. ജീവിതത്തിന്റെ കാർക്കശ്യം അറിഞ്ഞുവളർന്ന കേശവേന്ദ്ര കുമാറിനു സഹജീവികളോടു ചെയ്യുന്ന ഉത്തരവാദിത്തം ആഘോഷിക്കേണ്ടതാണെന്നു തോന്നിയിട്ടുമുണ്ടാവില്ല. അല്ലെങ്കിൽ ഏതു കലക്ടർ വിളിച്ചാലാണു പത്രക്കാർ വരാത്തത്? ഭരണഘടനയോടു കൂറുപുലർത്തുകയും ജനങ്ങളോടു കടപ്പെട്ടിരിക്കുകയും ചെയ്യുന്നതാണ് ഒരു സർക്കാർ ജീവനക്കാരന്റെ സാക്ഷാത്കാരം. അതിന്റെ തൃപ്തി ഒന്നുവേറെയാണ്. കേശവേന്ദ്ര കുമാർ അതായിരിക്കും അനുഭവിക്കുന്നത്.

വയനാട്ടിൽ കലക്ടറായിരിക്കെ ആദിവാസി സെറ്റിൽമെന്റിന് അദ്ദേഹം ചെയ്ത കാ‍ര്യങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഗിരിവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി വിലയ്ക്കുവാങ്ങാൻ സർക്കാർ തീരുമാനിച്ചു. വലിയ കുംഭകോണത്തിനു സാധ്യതയുള്ള പദ്ധതിയാണ്. പുനരധിവാസ മേഖലകൾ നിശ്ചയിച്ചപ്പോൾ കലക്ടർ ആദ്യം ആവശ്യപ്പെട്ടത് ആർഡിഒ/ തഹ‍സിൽദാർ റിപ്പോർട്ടാണ്. സ്ഥലം മേടിക്കുന്നതിൽ അദ്ദേഹം ചില മാനദണ്ഡങ്ങൾ വച്ചു. കുടിവെള്ളം കിട്ടണം. യാത്രാ സൗകര്യമുണ്ടായിരിക്കണം. വീടുവയ്ക്കാനും കൃഷി ചെയ്യാനും പറ്റിയതായിരിക്കണം. സ്ഥലങ്ങളുടെ വിഡിയോ ക്ലിപ് സഹിതം വേണം റിപ്പോർട്ട്.

സാധാരണഗതിയിൽ ജനവാ‍സ യോഗ്യമല്ലാത്ത, കയ്യൊഴിക്കാനിട്ടിരിക്കുന്ന ഭൂമിയാണു സർക്കാർ പദ്ധതികൾക്ക് എടുക്കാറ്. അതിനു പ്രേരിപ്പിക്കാൻ ആളും കാണും. കേശവേന്ദ്ര കുമാർ ആദിവാസികളെ തന്നേപ്പോലെ തന്നെ കണ്ടു. തനിക്കു വേണ്ടത് അവർക്കുമുണ്ടാകണമെന്നു ആഗ്രഹിച്ചു. സർക്കാർ ഭൂമിയെടുക്കുമ്പോൾ ഇടനിലക്കാർ - മിക്കവാറും രാഷ്ട്രീയക്കാർ ‌- ചാടിവീഴും. കലക്ടർ അതിനവസരം കൊടുത്തില്ല. ഭൂ‍ ഉടമകളുമായി നേരിട്ടായിരുന്നു ഇടപാട്. അവരെ വിളിച്ചുവരുത്തി. കാര്യങ്ങൾ വിശദീകരിച്ചു. ഭൂമി സർക്കാർ എടുക്കും. ഇടനിലക്കാർ ഉണ്ടാവില്ല. ഉദ്യോഗസ്ഥരോ മറ്റാരെങ്കിലുമോ ഇടനിലക്കാരായി വന്നിട്ടുണ്ടെങ്കിൽ പറയണം. അതു നടക്കില്ല. വസ്തുവിനു അർഹിക്കുന്ന വിലയേ തരൂ.

അതിനുശേഷമാണു വിലനിശ്ചയ നടപടികളിലേക്ക് കടന്നത്. പൊട്ടപ്പാറയ്ക്കുപോലും അൻപതിനായിരവും അറുപതിനായിരവും കൊടുത്തു പൊരുത്തു കാശും പങ്കുവച്ച് പിരിയുന്ന ഒരിടപാടായിരുന്നില്ല മുന്നോട്ടുവച്ചത്. ആദിവാസികൾക്ക് അവിടെ ജീവിക്കാൻ കഴിയണം. അതുകൊണ്ട് വസ്തുവിന്റെ നിൽപനുസരിച്ച് വിലപേശി തീരുമാനിക്കാം. കലക്ടർ അടിസ്ഥാന ഭൂവിലയിൽ തുടങ്ങി. ഉടമകൾ ആറോ ഏഴോ ഇരട്ടിപിടിച്ചു. കലക്ടർ ചിരിച്ചു. ഇടനിലക്കാരില്ലെന്നു ഒരിക്കൽക്കൂടി ഓർമപ്പെടുത്തി. ഉടമകൾ 500 കുറച്ചു. കലക്റ്റർ 500 കൂട്ടി. അതൊടുവിൽ നടപ്പുവിലയ്ക്ക് താ‍ഴെവച്ച് ഉറപ്പിക്കുന്നു.

3000 കുടുംബങ്ങൾക്ക് അങ്ങനെ ഭൂമി കിട്ടി. സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർക്ക്. ഇതൊക്കെ കലക്ടറുടെ തൊഴിലല്ലേ എന്നു പറയുന്നവരുണ്ടാകാം. അതെ, കലക്ടർ തന്റെ തൊഴിൽ ചെയ്താൽ മതി. മാധ്യമങ്ങളിൽ വരണമെന്നില്ല. ജനങ്ങൾക്കു ഗുണം ലഭിക്കും. പക്ഷേ അങ്ങനെയൊരു വാശി പലപ്പോഴും കലക്ടർമാർ കാണിക്കാറില്ല. കേശവേന്ദ്രകുമാ‍ർ അതേ കാണിക്കൂ. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നാഷനൽ ഹെൽത്ത് മിഷൻ ഡയറക്റ്ററാണിപ്പോൾ കേശവേന്ദ്ര കുമാർ.

ഭരതവാക്യം: കേശവേന്ദ്ര കുമാർ കലക്ടറാ‍യിരിക്കുമ്പോൾ വയനാട്ടിൽനിന്നു വരുന്ന പരാതിക്കാരോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിക്കും. നിങ്ങൾ കലക്ടറെ കണ്ടില്ലേ? നടക്കാവുന്നതാണെങ്കിൽ അവിടെ നടക്കുമായിരുന്നല്ലോ! അതുപോലെ ഒരു ക്വാറി മുതലാളിയോടും നിസംഗനായി പറഞ്ഞു: ‘അവിടെ കേശവേന്ദ്ര കുമാറാണു കലക്ടർ’. അയാളുടെ ക്വാറി പൂട്ടിപ്പോയിരുന്നു. തുറക്കാൻ പറ്റുന്നില്ല. Buz!

related stories