യുഎസ് – ഉത്തരകൊറിയ ആണവ ചർച്ചകളുമായി മുന്നോട്ട്: ട്രംപ്

ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ

വാഷിങ്ടൻ ∙ യുഎസും ഉത്തരകൊറിയയും തമ്മിൽ തുടക്കമിട്ട ആണവ നിരായുധീകരണ ചർച്ചകളുമായി മുന്നോട്ടുപോകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നിലപാടു സ്വാഗതം ചെയ്ത് ട്രംപ് രംഗത്തെത്തിയത്. തന്നിൽ പൂർണവിശ്വാസമർപ്പിച്ച കിമ്മിനു നന്ദി അറിയിച്ച ട്രംപ്, ഒത്തൊരുമിച്ച് ലക്ഷ്യം കൈവരിക്കുമെന്നും ട്വീറ്റ് ചെയ്തു.

ട്രംപിലുള്ള വിശ്വാസം മാറ്റമില്ലാതെ തുടരുകയാണെന്ന് കിം വ്യക്തമാക്കിയതായി അദ്ദേഹത്തെ സന്ദേർശിച്ച ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഉയി യോങ് പറഞ്ഞു. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി സെപ്റ്റംബർ 18 മുതൽ 20 വരെ പോങ്യാങ്ങിൽ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രത്യേക ദൂതൻ കിമ്മുമായി കൂടികാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിൽ പൂർണവിശ്വാസമാണെന്ന കിമ്മിന്റെ പ്രസ്താവന.