ട്രംപിന്റേത് വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം: തുറന്നടിച്ച് ഒബാമ

ഡോണൾഡ് ട്രംപ്, ബറാക് ഒബാമ (ഫയൽ ചിത്രം)

ഇല്ലിനോയ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പേരെടുത്തു വിമർശിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ. വർഷങ്ങളായി രാഷ്ട്രീയക്കാർ വിതച്ചുകൂട്ടിയ വെറുപ്പിനെ മുതലെടുക്കുകയാണു ട്രംപ് ചെയ്യുന്നതെന്ന് ഒബാമ ആരോപിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്ഥാനം ലഭിച്ചതു നിർഭാഗ്യകരമാണ്. ഇല്ലിനോയ് സർവകലാശാലയിൽ ആയിരത്തിലധികം വരുന്ന വിദ്യാർഥി സമൂഹത്തെ അഭിസംബോധന ചെയ്യവേയാണു ആദ്യമായി ട്രംപിനെ പേരുപറഞ്ഞു വിമർശിക്കാൻ ഒബാമ തയാറായത്.

പിൻഗാമികളെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റുമാർ വിമർശിക്കാറില്ലെന്ന യുഎസ് പാരമ്പര്യം കഴിഞ്ഞ രണ്ടു വർഷം കാത്തുസൂക്ഷിച്ച ഒബാമ, രണ്ടുതവണ പേരെടുത്തു പറഞ്ഞാണു ട്രംപിനെ വിമർശിച്ചത്. വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയമാണ് ട്രംപിന്റേതെന്നു പറഞ്ഞ ഒബാമ, യുഎസ് ജനാധിപത്യത്തിനു ട്രംപും അദ്ദേഹത്തിന്റെ രീതികളും ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു. അപൂർവമായി മാത്രം പേരെടുത്തു പറഞ്ഞും, അല്ലാത്തപ്പോഴെല്ലാം വ്യംഗ്യമായ സൂചനകളിലൂടെയുമാണു തന്റെ പിൻഗാമിയെ ഒബാമ കടന്നാക്രമിച്ചത്.

റഷ്യയുമായുള്ള ട്രംപിന്റെ ഒത്തുകളിയെയും രാജ്യത്ത് വിഭാഗീയത വളർത്തി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ട്രംപിന്റെ ശ്രമത്തെയും ഒബാമ വിമർശിച്ചു. അതേസമയം, ട്രംപ് കേവലമൊരു അടയാളം മാത്രമാണെന്നും ഒബാമ അഭിപ്രായപ്പെട്ടു. മൂലകാരണം ട്രംപല്ല. നമ്മുടെ രാഷ്ട്രീയക്കാർ വർഷങ്ങളായി വിതച്ചുവരുന്ന വെറുപ്പിൽനിന്ന് കൊയ്യുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. തങ്ങളുടെ വോട്ടിന് വലിയ വിലയില്ലെന്നും തിര‍ഞ്ഞെടുപ്പുകൾക്ക് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന യുവാക്കളുണ്ടെങ്കിൽ അവരുടെ ആ ധാരണ മാറ്റാന്‍ കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിനെതിരെ ന്യൂയോർക്ക് ടൈംസിൽ വന്ന വിവാദ ലേഖനത്തെക്കുറിച്ചും പ്രസംഗത്തിൽ‌ ഒബാമ പരാമർശിച്ചു. പ്രസിഡന്‍റിന്‍റെ ഉത്തരവുകൾ പാലിക്കാതിരിക്കുന്ന ഉദ്യോഗസ്ഥർ വൈറ്റ്ഹൗസിലുണ്ട് എന്നതുകൊണ്ടു മാത്രം എല്ലാം ശരിയാകുമെന്ന വിശ്വാസം നല്ലതല്ലെന്നും ഇതല്ല ജനാധിപത്യ രീതിയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതേസമയം, ഒബാമയുടെ വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും രംഗത്തെത്തി.

സാമ്പത്തിക പുരോഗതി, പുതിയ ജോലികള്‍, ചരിത്രപരമായ നികുതി ഇളവുകള്‍ തുടങ്ങി ട്രംപ് മുന്നോട്ടുവച്ച ആശയങ്ങള്‍ സ്വീകരിച്ച യുഎസ് ജനത, ഒബാമയുടെ നയങ്ങളെ തള്ളിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്ന് റിപ്പബ്ലിക്കൻ പാർട്ടി ചൂണ്ടിക്കാട്ടി. അതേസമയം, ഒബാമയുടെ പ്രസംഗം കേട്ട് തനിക്ക് ഉറക്കം വന്നെന്നും ഉറങ്ങാൻ നല്ല മാർഗം ഒബാമയുടെ പ്രസംഗം കേൾക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.