Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിക്ക് സുവർണകാലം: ടെക്നോ – ഇൻഫോ പാർക്കുകളിലേക്ക് 6600 കോടി നിക്ഷേപം

എ.എസ്.ഉല്ലാസ്
GERMANY-SECURITY/CYBER

പത്തനംതിട്ട∙ അടുത്ത രണ്ടുവർഷം കേരളത്തിന്റെ ഐടി മേഖലയ്ക്ക് സുവർണ കാലമെന്ന് പറയാവുന്ന തരത്തിൽ നിക്ഷേപവും വരുന്നതായി സംസ്ഥാന ഐടി വകുപ്പ് പുറത്തുവിട്ട രേഖകളും വ്യക്തമാക്കുന്നു. ടെക്നോപാർക്കിൽ മാത്രം 4300 കോടിയുടെ നിക്ഷേപവും ഇൻഫോപാർക്കിൽ ഏകദേശം 2300 കോടിയുടെ നിക്ഷേപത്തിനുമാണ് ധാരണയായി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഒൻപത് വൻകിട കമ്പനികളാണ് ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്.

ഐടി മേഖലയിൽ തൊഴിലന്വേഷകർക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന വർഷമാണ് വരുന്നത്. കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ടെക്നോപാർക്കും കൊച്ചി ഇൻഫൊപാർക്കും കോഴിക്കോട് സൈബർപാർക്കിലുമായി 2019ലും 20ലുമായി 60,000 തൊഴിലവസരമാണ് സൃഷ്ടിക്കപ്പെടുന്നത് . നിലവിൽ മൂന്നു പാർക്കുകളിലുമായി വിവിധ കമ്പനികളിൽ ജോലിചെയ്യുന്നത് 92,000 പേരാണ്. 2018 ൽ ടെക്നോപാർക്കിൽ മാത്രം മുപ്പത് ഐടി കമ്പനികളാണ് പ്രവർത്തനമാരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും വിദേശ കമ്പനികളാണ്.

technopark-employees

ടെക്നോപാർക്ക് ആരംഭിച്ച് ഇതുവരെ നാലായിരം കോടിയുടെ നിക്ഷേപമാണ് ഉണ്ടായതെങ്കിൽ 2018ലും 2019ലും പൂർത്തിയാകുന്നത് 4300 കോടിയുടെ അധിക നിക്ഷേപമാണെന്നതാണ് പ്രതീക്ഷ നൽകുന്നത്. യുഎസ് കമ്പനികളായ ടോറസ് (Taurus)2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെ നിക്ഷേപമാണ് എത്തിക്കുന്നത്. 2019ലും 20ലുമായി പൂർത്തിയാകുന്ന ടോറസ് കമ്പനിയിൽ 15,500 തൊഴിലവസരമാണുണ്ടാകുക. 48 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് അധികമായി ഐടി കെട്ടിടം നിർമാണം നടക്കുന്നത്.

കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ (Virtus Green) കമ്പനി രണ്ടു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള ഐടി കെട്ടിടത്തിന്റെ നിർമാണം തുടങ്ങുകയാണ്. 200 കോടിയാണ് പ്രാഥമിക നിക്ഷേപം. ആയിരം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു. ആറു ലക്ഷം ചതുരശ്രഅടി ഐടി കെട്ടിടം നിർമാണത്തിന് തുടക്കമിട്ട കാർണിവൽ ഗ്രൂപ്പ് 600 കോടിയാണ് ആദ്യഘട്ടം നിക്ഷേപിക്കുന്നത്. 5000 പേർക്കാണ് തൊഴിൽ അവസരമുണ്ടാകുന്നത്.

നിസാൻ ഡിജിറ്റൽ ഹബ് 2019 ൽ തുടങ്ങുന്നത് എട്ട് ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഐടി കെട്ടിടമാണ്. മൂവായിരം പേർക്ക് ജോലി നൽകാൻ കഴിയുന്ന നിസാൻ ഹബ് തൽക്കാലം ടെക്നോപാർക്കിന്റെയും മറ്റും കെട്ടിടം വാടകയ്ക്കെടുത്ത് 1500 പേർക്ക് തൊഴിലവസരം 2019ൽ തന്നെ സൃഷ്ടിക്കുകയാണ്. സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാം ഘട്ട ഐടി പാർക്കും 2019ൽ പൂർത്തിയാക്കുന്നതോടെ രണ്ടായിരം പേർക്ക് തൊഴിലൊരുങ്ങും.

technopark-1 തിരുവനന്തപുരത്തെ ടെക്നോപാർക്ക്.

മുന്നുറ് കോടിയാണ് ഇതിന് നിക്ഷേപമെന്ന് ടെക്നോപാർക്ക് വൃത്തങ്ങൾ പറഞ്ഞു. അഞ്ചുവർഷം മുൻപ് 336 കമ്പനികളായിരുന്നിടത്ത് ഇപ്പോൾ നാനൂറ് ഐടി കമ്പനികളാണ് ടെക്നോപാർക്കിലുള്ളത്.45,000 ആയിരുന്ന പേർ ജോലിചെയ്തിരുന്നിടത്ത് ഇപ്പോൾ 56,000 പേർ ജോലിചെയ്യുന്നു. ഏറ്റവും കുടുതൽ കമ്പനികൾ പ്രവർത്തനം തുടങ്ങിയത് 2018ലാണ്. മുപ്പത് കമ്പനികൾ . 2017 നെക്കാൾ മൂവായിരം പേർക്ക് അധികം തൊഴിൽ ലഭിക്കുകയും ചെയ്തു. 97 ലക്ഷം ചതുരശ്രഅടി സ്ഥലത്താണ് ഐടി കമ്പനികൾ പ്രവർത്തിക്കുന്നത്.

കൊച്ചി ഇൻഫോപാർക്കിൽ നിലവിൽ 35,200 ഐടി മേഖലയിൽ ജോലിചെയ്യുന്നു. 2017 നെക്കാൾ 2200 പേർക്കാണ് ജോലി അവസരം 2018 ൽ ലഭിച്ചത്. അഞ്ച് വർഷം കൊണ്ട് പതിനായിരത്തിലേറെ പേരുടെ വർധന. ഇൻഫോപാർക്കിൽ ഇതുവരെ 1590 കോടിയാണ് നിക്ഷേപമുണ്ടായത്. രണ്ടാംഘട്ടം ഉൾപ്പെടുന്ന 160 ഏക്കർ സ്ഥലത്ത് എട്ട് കമ്പനികളാണ് നിർമാണം തുടങ്ങുന്നത്. 1200 കോടിയാണ് പ്രാഥമിക നിക്ഷേപം.

INFOPARK 2014

കോഗ്നിസന്റ് ടെക്നോളജി (15.72ഏക്കർ), ട്രാൻസ് ഏഷ്യ(2.06), മുത്തൂറ്റ് ഐടിപാർക്ക് (9.37), ക്ലെയ്സിസ് ഐടി പാർക്ക് (1.60)മീഡിയ സിസ്റ്റം(ഒരു ഏക്കർ), യുഎസ്ടി ഗ്ലോബൽ(8.78), കസ്പ്പിയൻ ടെക്നോളജി(2.62), പടിയത്ത് ഇന്നവേഷൻസ് (4.11) എന്നിങ്ങനെ യാണ് കമ്പനികൾ ഏറ്റെടുത്ത് നിർമാണം നടക്കുന്ന സ്ഥലം. ഇൻഫോപാർക്കിലെ ഒന്നംഘട്ട ക്യാംപസിൽ ഇപ്പോഴുള്ള ഐടി കമ്പനികൾക്ക് പുറമേ നാലു കമ്പനികൾ 853 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്.

ബ്രിഗേഡ് വേൾഡ് സെന്റർ (അഞ്ച് ഏക്കർ) , ലുലു സൈബർ ടവർ(7.44), ഷെറട്ടൺ നക്ഷത്ര ഹോട്ടൽ(ഒരേക്കർ), ഐബിഎസ് (4.21) ഏക്കർ സ്ഥലത്താണ് നിർമാണം പൂർത്തിയാകുന്നത്. ഇൻഫോപാർക്ക് പത്തുവർഷത്തിനുള്ളിൽ 80,000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഐടി വകുപ്പ് വ്യക്തമാക്കുന്നു.

തൊഴിലവസരം (2019–20 വരുന്നത്)
ടെക്നോപാർക്കിൽ 33000
ഇൻഫോപാർക്ക് –25000
സൈബർ പാർക്ക് 500

നിലവിൽ ജോലിചെയ്യുന്നവർ
ടെക്നോപാർക്കിൽ– 56000
ഇൻഫോപാർക്കിൽ–35200
സൈബർപാർക്കിൽ– 253

ജോലി സ്ഥലം

ഇൻഫോപാർക്ക് 

2014ൽ 3.3 മില്യൻ ചതുരശ്രഅടി
2018ൽ 7.8 മില്യൻ ചതുരശ്രഅടി

ടെക്നോപാർക്ക്

2014 ൽ 72 ലക്ഷം ചതുരശ്ര അടി
2018ൽ 97 ലക്ഷം ചതുരശ്രഅടി

സൈബർ പാർക്ക്
2018 ൽ 2.14 ലക്ഷം ചതുരശ്ര അടി