Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽ ദുരൂഹത; മനഃപൂർവ്വം സൃഷ്ടിച്ചതെന്ന് സംശയമെന്നും ഹനാൻ

hanan-accident

കൊച്ചി∙ തനിക്കുണ്ടായ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ. കാറപടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയവെയാണ് ഹനാന്റെ പ്രതികരണം. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ട്. പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാറ്റി പറയുകയാണ്. ഇതു സംശയാസ്പദമാണെന്നും ഹനാൻ പറഞ്ഞു.

അപകടം നടന്നത് രാവിലെ ആറുമണിക്കു ശേഷമാണ്. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ പേരുപോലും കേൾക്കാത്ത ഒരു ഓൺലൈൻ മാധ്യമം സ്ഥലത്തെത്തി. പിന്നീട് എക്സ്ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവർ ഫെയ്സ്ബുക്ക് ലൈവ് ചെയ്തു. അപകടം നടന്ന ഉടൻ ഇവർ എങ്ങനെ അവിടെയെത്തിയെന്ന് അറിയില്ല. ഇപ്പോഴും ഇവർ ശല്യം ചെയ്യുകയാണ്. ഈ കാര്യങ്ങളെല്ലാം ദുരൂഹത ഉണർത്തുന്നതാണെന്ന് ഹനാൻ പറഞ്ഞു.

ബാപ്പയെത്തി, ഹനാൻ ചിരിച്ചു

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. ഒന്നരവർഷം നീണ്ട കാത്തിരിപ്പിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അവസാനമായി. കാറപകടത്തിൽ പരുക്കേറ്റ ഹനാനെ കാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ബാപ്പയും അനിയനും എത്തിയ വിവരം ഡോക്ടർ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകർത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ ഇനി താൻ അനാഥയായിരിക്കില്ലെന്നുള്ള പ്രതീക്ഷ ഹനാൻ മാധ്യമങ്ങളോടു പങ്കുവച്ചു.

തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂർ കോതപറമ്പിൽ വച്ചു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരുക്കേറ്റ ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.