കിമ്മാകെ മാറി, ഉത്തര കൊറിയയും; മിസൈലുകൾക്ക് പകരം പൂക്കളും പുഞ്ചിരിയും !

ഉത്തരകൊറിയയുടെ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പരേഡിൽ നിന്ന്. ചിത്രം: എഎഫ്പി

പ്യോങ്യാങ്∙ യുഎസ് അധീന പ്രദേശങ്ങളിൽ വരെ പറന്നെത്തി എല്ലാം തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലുകളില്ല, ഉഗ്രശേഷിയുള്ള ബോംബുകളില്ല.. പകരം ഫ്ലോട്ടുകളും പൂക്കളും! ലോകത്തെ വിറപ്പിക്കുന്ന ആയുധ വിന്യാസങ്ങളുമായി പരേഡുകൾ നടത്താറുള്ള ഉത്തര കൊറിയ, രാജ്യത്തിന്റെ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ പരേഡിലാണ് എല്ലാം മാറ്റിപ്പിടിച്ചത്.

പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുധങ്ങൾക്കൊപ്പം സമാധാനം, രാജ്യ സമൃദ്ധി എന്നിവ ഉയർത്തിക്കാട്ടുന്ന ഫ്ലോട്ടുകളും പു‍ഞ്ചിരിയോടെ നീങ്ങുന്ന ജനങ്ങളുമായിട്ടായിരുന്നു പരേഡ്. ഏകീകൃത കൊറിയയുടെ പതാകയേന്തിയ ജനങ്ങളും അണിനിരന്നു. സൈന്യത്തിന്റെ ബൂട്ടുകൾ അകന്നു നീങ്ങിയപ്പോൾ ‘ഇനി ലക്ഷ്യം സാമ്പത്തിക പുരോഗതി’ എന്നു വ്യക്തമാക്കി നിർമാണത്തൊഴിലാളികളുടെ വേഷം ധരിച്ചവരും മുന്നോട്ടു നീങ്ങി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇതിനെല്ലാം പുഞ്ചിരിയോടെ സാക്ഷ്യം വഹിച്ചു.

അടിവച്ചു മുന്നേറിയ സൈന്യവും നിരനിരയായെത്തിയ യുദ്ധ ടാങ്കുകളും ഇരമ്പിയകന്നപ്പോഴാണു ജനങ്ങൾ പാട്ടുപാടി പൂക്കളെറിഞ്ഞ് പതാക വീശിയെത്തിയത്. ചൈനയിൽ നിന്നുള്ള പ്രത്യേക സംഘമായിരുന്നു ഇത്തവണത്തെ ചടങ്ങിലെ വിശിഷ്ടാതിഥികൾ. ചൈനീസ് മാതൃകയിലുള്ള സാമ്പത്തിക വികസനത്തിന്റെ പാതയിലേക്കാണ് ഉത്തര കൊറിയയും വഴിമാറുന്നതെന്നു ചൈനീസ് പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലി ഷാൻഷുവിനോട് കിം വ്യക്തമാക്കി. ചൈനയിൽനിന്ന് ഇക്കാര്യത്തിൽ ഏറെ പഠിക്കാനുണ്ടെന്നു കിം പറഞ്ഞതായി ചൈനയുടെ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സിംഗപ്പൂരിൽ നടത്തിയ ചർച്ചയെപ്പറ്റിയും കിം ഓർമിപ്പിച്ചു. അന്നുണ്ടാക്കിയ സമവായമനുസരിച്ചാണ് ഉത്തരകൊറിയ മുന്നോട്ടു പോകുന്നത്. അതിന് അനുസൃതമായി യുഎസും പ്രതികരിക്കുമെന്നാണു പ്രതീക്ഷ. അതുവഴി മേഖലയിലെ പ്രശ്നങ്ങൾക്ക് അറുതിവരുത്തുന്നതിനുള്ള അനുയോജ്യ രാഷ്ട്രീയ തീരുമാനമുണ്ടാകണമെന്നും കിം അഭിപ്രായപ്പെട്ടു.

ചൈനീസ് പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലി ഷാൻഷുവിനോടൊപ്പം കിം ജോങ് ഉൻ പരേഡിനെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: എഎഫ്പി

ദേശീയ ദിനാഘോഷത്തിന്റെ ഇത്തവണത്തെ വിഷയം സാമ്പത്തിക വികസനവും കൊറിയൻ പെനിൻസുലയുടെ ഏകീകരണവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തോടെ തകർന്ന ഇരുകൊറിയകളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനാണു കിമ്മിന്റെ പദ്ധതി. ആധുനിക ട്രെയിൻ, സോളർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയെല്ലാം ഫ്ലോട്ടുകളായി നിരന്നു. എല്ലാറ്റിനും ഒരൊറ്റ മുദ്രാവാക്യം– നമ്മുടെ ഊർജമെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക്.

സൈനിക ശക്തിയെന്ന നിലയിലേക്കു രാജ്യം ഉയർന്നു കഴിഞ്ഞെന്നും ഇനി സാമ്പത്തിക പുരോഗതിയായിരിക്കും ലക്ഷ്യമെന്നും ഉത്തര കൊറിയയിലെ സമുന്നത നേതാക്കളിലൊരാളായ കിം യോങ് നാം പരേഡിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ആണവായുധങ്ങൾ ഉത്തരകൊറിയ ഉപേക്ഷിക്കുമോയെന്ന ചർച്ചകൾ ചൂടുപിടിച്ചിരിക്കെയാണു സമാധാന സൂചനയുമായി വാർഷികാഘോഷം നടന്നത്. സൈനിക ശക്തി, രാജ്യത്തിന്റെ വികസനം, രാജ്യാന്തര ബന്ധം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പരേഡിന്റെ വിന്യാസം. മുൻവർഷത്തെപ്പോലെ ഭൂഖണ്ഡാന്തര മിസൈലുകൾ പ്രദർശനത്തിനുണ്ടായിരുന്നില്ല. ആഘോഷത്തിന്റെ ഭാഗമായുണ്ടാകാറുള്ള ആണവ പരീക്ഷണവും ഇല്ലായിരുന്നു.

പ്രധാന ദേശീയ ആഘോഷങ്ങളുണ്ടാകുമ്പോഴെല്ലാം ശക്തിപ്രകടനത്തിന്റെ ഭാഗമായി ആയുധപരീക്ഷണങ്ങളും പുതിയ മിസൈൽ വിക്ഷേപണവുമെല്ലാം നടത്തുക കിമ്മിന്റെ പതിവായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎസുമായുള്ള പ്രശ്നം കൊടുമ്പിരികൊണ്ടിരിക്കെ ബാലിസ്റ്റിക് മിസൈലുകളുമായിട്ടായിരുന്നു കൊറിയയുടെ പരേഡുകളിലൊന്ന്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശീതകാല ഒളിംപിക്സിനു മുന്നോടിയായും പരേഡ് നടന്നിരുന്നു. എന്നാൽ അന്നുണ്ടായിരുന്നത്ര ആഘോഷം പോലും ഇത്തവണ ദേശീയ ദിനത്തിനുണ്ടായിരുന്നില്ലെന്നു നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

കൊറിയൻ പെനിൻസുലയിലെ ആണവഭീഷണി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിമ്മിന്റെ സ്വാഗതാർഹമായ നീക്കം. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും കിം ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു. ഉത്തര– ദക്ഷിണ കൊറിയകളുടെ ഏകീകരണത്തിനനു പിന്തുണ പ്രഖ്യാപിക്കാൻ ജനത്തെ ആഹ്വാനം ചെയ്ത് ഉത്തര കൊറിയയുടെ ദേശീയ ദിനപത്രം എഡിറ്റോറിയലും എഴുതി. ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക മാര്‍ഗങ്ങൾ തേടി കിമ്മുമായി മൂൺ ജെ ഇന്നിന്റെ കൂടിക്കാഴ്ച പ്യോങ്‌യാങ്ങിൽ സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കാനിരിക്കുകയാണ്. ഈ വർഷം ഇതു മൂന്നാം തവണയാണു കൂടിക്കാഴ്ച.