Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ചികില്‍സയ്ക്കു പോയതോടെ എല്ലാം ‘ശരിയാക്കിത്തുടങ്ങി’: ചെന്നിത്തല

ramesh-chennithala-pinarayi-vijayan രമേശ് ചെന്നിത്തല, പിണറായി വിജയൻ.

തിരുവനന്തപുരം ∙ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായി. മുഖ്യമന്ത്രിക്കു വിശ്വാസമില്ലാത്തു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, യോഗം പോലും വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ദുരിതബാധിതർക്ക് ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂര്‍ണ പരാജയമാണെന്ന് ‌ഒന്നുകൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെപ്പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതിയും വ്യാപകമാണ്. ഇതു ഗൗരവമേറിയ വിഷയമാണ്.

ഇപ്പോള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവു മാത്രമാണു നടക്കുന്നത്. ഇതൊന്നും ശരിയല്ല. എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ മൂന്നു ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിനു നല്‍കിക്കഴിഞ്ഞു. ഇനിയും ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍നിന്നു വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യേഗസ്ഥരും ചേര്‍ന്ന് എല്ലാ ‘ശരിയാക്കിത്തുടങ്ങി’യെന്നും ചെന്നിത്തല പരിഹസിച്ചു.