Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ ദിനവും റെക്കോർഡ് തിരുത്തി പെട്രോൾ, ഡീസൽ; കൈകഴുകി സർക്കാർ

Petrol - Diesel

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വർധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോർഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്നു വിശദീകരിക്കുന്ന കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താനുള്ള നടപടികൾക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുംബൈയിലാണ് ഏറ്റവും ഉയർന്ന വില– പെട്രോൾ ലീറ്ററിന് 88.31 രൂപയും ഡീസൽ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാൽ വില ഏറ്റവും കുറവുള്ള ‍ഡൽഹിയിൽ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും.

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോൾ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വർധിച്ചത്. എണ്ണക്കമ്പനികൾ ലഭ്യമാക്കുന്ന വിലയിൽ (പെട്രോൾ 40.50 രൂപ, ഡീസൽ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുംൈബയിൽ ശിവസേനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പരിഹാസം ഇങ്ങനെ– ‘ഇതാണ് അച്ഛേ ദിൻ’.