Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

37 വയസ്സിനിടെ 55 പീഡനങ്ങൾ; വിഡിയോഗ്രാഫർക്ക് 30 വർഷം തടവ്

thomas-walter-oliver തോമസ് വാള്‍ട്ടര്‍ ഒളിവര്‍

പോർട്ട്ലാന്റ്∙ തെളിയിക്കപ്പെട്ട 55 ഓളം ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ വിഡിയോഗ്രാഫർക്കു 30 വർഷം തടവ്. മുപ്പത്തേഴുകാരനായ തോമസ് വാള്‍ട്ടര്‍ ഒളിവർക്കാണു പോർട്ട്ലാന്റ് കോടതി ശിക്ഷ വിധിച്ചത്. രേഖകൾ പ്രകാരം 55 കേസുകളാണ് ഇയാൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മാനഭംഗം ചെയ്തതടക്കമുളള കേസുകളിലാണു ശിക്ഷ.

വിവിധ മേഖലകളിലുളള സ്ത്രീകൾ കൂട്ടപരാതിയുമായി എത്തിയതോടെയാണ് ഒളിവർക്കെതിരെ ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ 55 പേരെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഒളിവറുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളാണ് ആദ്യം പരാതിയുമായി എത്തിയത്. പോട്ട്‍ലാന്‍റിലെ പ്രമുഖ വിഡിയോഗ്രാഫറും ടിവി നാടക കലാകാരനുമാണു തോമസ് വാള്‍ട്ടര്‍ ഒളിവര്‍.

ലൈംഗികാതിക്രമ നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി ചാര്‍ജുകള്‍ ചുമത്തിയാണു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നു ഡിഗ്രികളായി തരംതിരിച്ച കുറ്റകൃത്യങ്ങളില്‍ ഏറ്റവും കടുത്ത ശിക്ഷയാണു ഫസ്റ്റ് ഡിഗ്രി ചാര്‍ജുകളില്‍ ഉള്‍പ്പെടുന്നത്. ഡേറ്റിങ്ങ് സൈറ്റുകളിൽനിന്നു സംഗീത പരിപാടികളിൽനിന്നുമായിരുന്നു ഒളിവർ ഇരകളെ കണ്ടെത്തിയിരുന്നത്. അടുത്തു പരിചയമുളള സ്ത്രീകളെയും ബന്ധുക്കളെയും ഒളിവർ പീഡനത്തിന് വിധേയമാക്കി. വിവാഹമോചിതകളും സ്കൂൾ കുട്ടികളും മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട പെൺകുട്ടികളുമെല്ലാം ഒളിവറിന്റെ ഇരകളായി.

ഒളിവര്‍ ജോലി ചെയ്തതും താമസിച്ചതുമടക്കം ബന്ധപ്പെട്ട ഇടങ്ങളിൽനിന്നെല്ലാം പരാതികള്‍ ലഭിച്ചെന്നു ഡിക്ടക്ടീവ് ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. കാറിലും വീട്ടിലും ഹോട്ടലുകളിലുമായി പലതവണ പീഡനത്തിനിരയാക്കിയെന്നാണു പരാതി. എന്നാൽ പരാതി നല്‍കാത്ത നിരവധി പേര്‍ ഉണ്ടെന്നും അന്വേഷണം തുടരുമെന്നും ഡിക്ടക്ടീവ് ഏജന്‍സി അറിയിച്ചു. 2017 മേയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.