Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗരന്മാർക്കെതിരെ അന്വേഷണം; രാജ്യാന്തര ക്രിമിനൽ കോടതിക്കെതിരെ യുഎസ്

Donald Trump ഡോണാൾഡ് ട്രംപ്

വാഷിങ്ടൻ ∙ രാജ്യാന്തര ക്രിമിനൽ കോടതിക്ക് (ഐസിസി) എതിരെ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി യുഎസ്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനൽ കോടതി ആലോചിക്കുന്നുവെന്ന വിവരമാണു ഡോണൾഡ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾടൺ വാഷിങ്ടനിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

അന്യായമായ കോടതിവിചാരണയിൽ നിന്നു യുഎസ് പൗരന്മാരെയും സഖ്യകക്ഷികളുടെ പൗരന്മാരെയും സംരക്ഷിക്കുമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാൽ രാജ്യാന്തര ക്രിമിനൽ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്നും യുഎസിൽ അവർക്കുള്ള നിക്ഷേപങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്നും യുഎസ് കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ഭീഷണി.

രാജ്യാന്തര കോടതിയുമായി സഹകരിക്കില്ലെന്നും സഹായം നൽകില്ലെന്നുമുള്ള നിസപാട് യുഎസ് സ്വീകരിക്കുമെന്നും സൂചനയുണ്ട്. വിചാരണ നേരിടുന്നതിനു യുഎസ് പൗരന്മാരെ രാജ്യാന്തര കോടതിക്കു കൈമാറില്ലെന്ന് ഉറപ്പു വരുത്താൻ ഉഭയകക്ഷി കരാറുകൾക്കും യുഎസ് ആലോചിക്കുന്നുണ്ട്.‌

ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂർണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പലസ്തീൻ രാജ്യാന്തര ക്രിമിനൽ കോടതിയെ സമീപിച്ച സാഹചര്യത്തിൽ പലസ്തീൻ വിമോചന സംഘടനയുടെ (പിഎൽഒ) വാഷിങ്ടനിലെ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യത്തിലും ജോൺ ബോൾടൺ പ്രഖ്യാപനം നടത്തിയേക്കും.