Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരം കിട്ടിയപ്പോൾ ബിജെപി ‘ഹിന്ദുത്വ ഏണി’ മറന്നു: ശിവസേന

Modi-Uddhav-Thackeray നരേന്ദ്ര മോദി, ഉദ്ധവ് താക്കറെ

മുംബൈ∙ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. ‘ഹിന്ദുത്വ ഏണി’ ഉപയോഗിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെന്നും എന്നാൽ അതിനു ശേഷം അവർ ആ ‘ഏണി’ ഉപേക്ഷിച്ചെന്നും ശിവസേന ആരോപിച്ചു. ശിവസേന മുഖപത്രമായ ‘സാമ്ന’യുടെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ആരോപണം.

കോണ്‍ഗ്രസിനു ഒരുപരിധി വരെയെങ്കിലും കുറച്ചു വർഷങ്ങൾ മുസ്‌ലിം സമുദായത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചു. എന്നാൽ ബിജെപി മതനിരപേക്ഷതയുടെ പേരിൽ ഹിന്ദുക്കളെ വഞ്ചിക്കുകയാണ്. രാജ്യത്തെ ഹിന്ദുക്കൾ ഇന്നു നിരാശയിലാണ്. കോണ്‍ഗ്രസ് മുസ്‌ലിം സമുദായത്തെ ഉപയോഗിച്ചതു പോലെ ബിജെപി ഇപ്പോൾ ഹിന്ദുക്കളെ ആയുധമാക്കുകയാണ്. ഹിന്ദുക്കൾക്കു നൽകിയ ഒരു വാഗ്ദാനങ്ങളും ബിജെപി നിറവേറ്റിയില്ല, അത് രാമക്ഷേത്രമാണെങ്കിലും ഏകീകൃത സിവിൽ കോഡാണെങ്കിലും. – സാമ്നയിലെ മുഖപ്രസംഗത്തിൽ കുറിച്ചു.

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെയും മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഹിന്ദുക്കൾ ഒത്തുചേർന്നു സംഘടിക്കണമെന്ന് മോഹൻ ഭാഗവത് ചിക്കാഗോയിൽ നടന്ന ലോക ഹിന്ദു കോൺഗ്രസിൽ പറഞ്ഞതിനെതിരെയാണ് വിമർശനം. ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഹിന്ദു കോൺഗ്രസിൽ സ്ഥാനം ലഭിക്കാതെ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നുവെന്ന് ശിവസേന കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സർക്കാരാണ് ഇന്നു രാജ്യത്തുള്ളതെന്നും സേന ആരോപിക്കുന്നു.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുമായി ഉണ്ടായിരുന്ന ഇരുപത്തഞ്ചു വർഷം നീണ്ട സഖ്യം 2014ലാണ് ശിവസേന അവസാനിപ്പിച്ചത്. അതിനു ശേഷം വിവിധ വിഷയങ്ങളിൽ ബിജെപിക്കെതിരെ രൂക്ഷപ്രതികരണമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നടത്തുന്നത്.

related stories