Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിലേത് ഇന്ത്യ കണ്ട വലിയ ബസ് അപകടം: മരണം 57 ആയി

telangana-bus-accident തെലങ്കാനയിൽ ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നു.

ഹൈദരാബാദ്∙ തെലങ്കാനയിലെ കൊണ്ടഗട്ടിൽ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 88 യാത്രക്കാരാണ് തെലങ്കാന സർക്കാരിന്റെ(ടിഎസ്ആർടിസി) ജഗത്യാൽ ഡിപ്പോയുടെ ബസിൽ ഉണ്ടായിരുന്നത്. സന്നിവാരംപേട്ടിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് മുപ്പതടി താഴ്ചയിൽ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു.

Telangana-Bus-Accident തെലങ്കാനയിൽ അപകടത്തിൽപ്പെട്ട ബസ്. ചിത്രം: എഎൻഐ, ട്വിറ്റർ

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. മരിച്ചവരിൽ ഏറെയും നാൽപതിനു മേൽ പ്രായമുളളവരാണ്. ഇതിൽ 45 പേരെ തിരിച്ചറിഞ്ഞു.

നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയിൽ വീണത്. അപകടത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.

ജഗത്യാൽ ജില്ലാ എസ്പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരുടെ വിവരം ലഭ്യമാക്കാൻ ജില്ലാ അധികൃതർ 8004254247 എന്ന താൽക്കാലിക ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചു.

വേഗത്തിൽ വന്ന ബസിന്റെ ഡ്രൈവർ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കർ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. സ്പീഡ് ബ്രേക്കറിൽ കയറി പാളിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിനു പുറമേ ടിഎൻആർടിസി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചു. മുനിസിപ്പൽ – ഐടി മന്ത്രി കെ.ടി.രാമ റാവു സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗുരുതരമായി പരുക്കേറ്റവരെ ഹൈദരാബാദിലും കരിംനഗറിലുമുള്ള ആശുപത്രികളിലേക്കു മാറ്റി.

കശ്മീരിൽ 51 പേർ മരിച്ച അപകടമാണ് രാജ്യത്ത് ഇതിനു മുൻപ് ബസ് ഉൾപ്പെട്ട അപകടത്തിലെ വലിയ മരണസംഖ്യ. തെലങ്കാനയിലെ മെഹ്ബൂബ്നഗർ ജില്ലയിൽ മുൻപ് ഒരു സ്വകാര്യ ബസിന് തീപിടിച്ച് 45 പേർ മരിച്ചിട്ടുണ്ട്.

related stories