Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിട്ടു ഹാജരാകണം: ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് അയയ്ക്കും

bishop-franco-mulakkal ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

ജലന്തർ∙നേരിട്ടു ഹാജരാകുന്നതിന് ജലന്തർ‌ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പൊലീസ് നോട്ടിസ് അയയ്ക്കും. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് വ്യാഴാഴ്ച നൽ‌കുമെന്നാണു വിവരം. ബുധനാഴ്ച കൊച്ചിയിൽ ചേരുന്ന പൊലീസ് ഉന്നതതലയോഗം ഈ വിഷയത്തിൽ നിർണായകമാകും. 

അതേസമയം തനിക്കെതിരായ പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്മെയിലിങ്ങാണെന്ന വാദവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്തെത്തി. കന്യാസ്ത്രീകളുടെ സമരം സർക്കാരിനുമേൽ സമ്മർ‌ദം ചെലുത്തുക ലക്ഷ്യമാക്കിയാണെന്നും ബിഷപ് ആരോപിച്ചു. പൊലീസുമായി സഹകരിക്കും. തനിക്കെതിരെയല്ല സഭയ്ക്കെതിരെയാണു ഗൂഢാലോചന. സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവർ കന്യാസ്ത്രീകളെ ഇതിന് ഉപയോഗിക്കുകയായിരുന്നു.

പൊലീസ് തന്നെ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തു. കന്യാസ്ത്രീയുടെയും മൊഴിയെടുത്തിരുന്നു. അതിലും വൈരുധ്യങ്ങളുണ്ട്. ആരാണ് സത്യം പറയുന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കന്യാസ്ത്രീമാരുടെ സമരത്തെക്കുറിച്ച് അറിഞ്ഞിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം അവർ‌ക്കുമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.

ഇതിനിടെ ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്നു കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോടു സഭാ നേതൃത്വം ചിറ്റമ്മനയമാണു കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നു നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടു.

related stories