Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തർപ്രദേശിനെ നാലാക്കണം; തിരഞ്ഞെടുപ്പിനു മുൻപു എഎപി പ്രക്ഷോഭത്തിന്

Arvind Kejriwal അരവിന്ദ് കേജ്‌രിവാൾ

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശ് സംസ്ഥാന വിഭജനം വീണ്ടും ചൂടുപിടിക്കുന്നു. ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനത്തിന്റെ വിഭജനത്തിനായി ആം ആദ്മി പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പറഞ്ഞതോടെയാണ് യുപി വിഭജനം വീണ്ടും വാർത്തകളിൽ നിറയുന്നത്. വിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഒരു രാജ്യത്തിനു തുല്യമായ ജനസംഖ്യയാണ് അവിടെയുള്ളത്. ഇത്രയും വിശാലമായ സംസ്ഥാനം ഭരിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹത്തിനായി എഎപി മുന്നിട്ടു നിൽക്കും – പാർട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു.

അവധ്, ബണ്ടേൽഖണ്ഡ്, പുർവാഞ്ചൽ, പശ്ചിമ യുപി എന്നിങ്ങനെ ഉത്തർപ്രദേശിനെ നാലായി വിഭജിക്കണമെന്നാണ് എഎപിയുടെ ആവശ്യം. ഇതു നടപ്പിലാക്കുന്നതിനു സ്വീകരിക്കേണ്ട നയം പാർട്ടി ഉടൻ തീരുമാനിക്കുമെന്ന് ആം ആദ്മി പാർട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പറഞ്ഞു. കൃത്യമായ ഭരണനിർവ്വഹണത്തിനും, വികസനത്തിനും ചെറിയ സംസ്ഥാനങ്ങൾ അനിവാര്യമാണ്. മറ്റു കക്ഷികൾ എതിർക്കുമ്പോഴും ചെറിയ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

2007–ൽ മായാവതി മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനം നാലായി വിഭജിക്കണമെന്ന പ്രമേയം ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയപ്പോൾ വിഷയത്തിൽ പിന്നോട്ടു പോവുകയായിരുന്നു. കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലിരിക്കെയാണ് ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ രൂപീകരിച്ചതെന്നത് ഇപ്പോൾ വിഷയത്തിനു പ്രാധാന്യം വർധിപ്പിക്കുന്നു.

ഓഗസ്റ്റിൽ, ബണ്ടേല്‍ഖണ്ഡ് സംസ്ഥാന രൂപീകരിക്കണമെന്ന ആവശ്യവുമായി സാമൂഹിക സംഘടനയായ ബണ്ടേലി സമാജിന്റെ കീഴില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ഏഴും മധ്യപ്രദേശിലെ എട്ടും ജില്ലകളിലായി പരന്നു കിടക്കുന്ന ബണ്ടേൽഖണ്ഡ് പ്രദേശം യോജിപ്പിച്ച് സംസ്ഥാനം രൂപീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ അവശ്യം.

related stories