നീതിപൂര്‍വമായ അന്വേഷണത്തിനു സമയം വേണ്ടി വന്നേക്കാം, സമ്മര്‍ദം ചെലുത്താനാകില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ശരിയായ നിലയിലാണെന്നു മന്ത്രി ഇ.പി. ജയരാജന്‍. നീതിപൂര്‍വമായ അന്വേഷണത്തിനു സമയം വേണ്ടി വന്നേക്കാം. സര്‍ക്കാരിനുമേല്‍ ആര്‍ക്കും സമ്മര്‍ദം ചെലുത്താനാകില്ല. കേസ് അട്ടിമറിക്കുന്നതായി കന്യാസ്ത്രീകള്‍ക്കു പരാതി ഉണ്ടാകില്ല, അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നതാകാമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുവരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ആരുടെയും പ്രേരണയിലല്ല സമരം നടത്തുന്നത്. ഞങ്ങളുടെ സഹോദരിക്കു നീതികിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനും ആരോപണങ്ങൾക്കും പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണെന്ന് അറിയാമെന്നും കന്യാസ്ത്രീകൾ ആരോപിച്ചു. പി.സി.ജോര്‍ജിനെതിരെ പരാതിയുണ്ട്. അടുത്തദിവസം തന്നെ മൊഴിനല്‍കു‌മെന്നും അവർ പറഞ്ഞു. അനുസരണം എന്നു പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതി സത്യമാണ്. അവര്‍ക്കൊപ്പം ഉറച്ച് നില്‍ക്കും- കന്യാസ്ത്രീകൾ വിശദീകരിച്ചു.

എന്നാൽ പി.സി. ജോര്‍ജ് എംഎല്‍എയുടെ അധിക്ഷേപത്തിനിരയായ കന്യാസ്ത്രീയില്‍നിന്നു പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും നടന്നിരുന്നില്ല. കുറവിലങ്ങാട് മഠത്തിലെത്തിയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചത്. മറ്റൊരു ദിവസം മൊഴിയെടുക്കാനാണു തീരുമാനം. പരാതിയുണ്ടെന്നു കന്യാസ്ത്രീ മൊഴി നല്‍കിയാല്‍ ജോര്‍ജിനെതിരെ കേസെടുക്കും.