ആദായനികുതിക്കുരുക്ക്; രാഹുലിന്റെ ഹർജി വ്യക്തമാക്കുന്നത് കോൺഗ്രസിലെ അഴിമതി: സ്മൃതി

ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുത്തു സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചിത്രം കടപ്പാട്: ബിജെപി കേരളം, ഫെയ്സ്ബുക് പേജ്

ന്യൂഡൽഹി∙ ആദായനികുതി വിവരങ്ങൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഹർജി നൽകിയതു കോൺഗ്രസ് പാർട്ടിയിൽ ആഴത്തിൽ വേരൂന്നിയ അഴിമതിയെയാണു വ്യക്തമാക്കുന്നതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുമെന്നും സ്മൃതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2011-12 വർഷത്തെ ഇരുവരുടെയും നികുതി വിവരങ്ങൾ പുനഃപരിശോധിക്കാനായിരുന്നു ആദായനികുതി വകുപ്പു തീരുമാനം.

നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയിൽ, ഡയറക്ടർ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചാണു രാഹുലിനെതിരെ ആദായനികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. രാഹുലിന്റെയും സോണിയയുടെയും നികുതി വിവരങ്ങൾ പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, എ.കെ.ചാവ്ള എന്നിവരുടെ ബെഞ്ചാണു ഹർജി നിരസിച്ചത്.

ഓസ്കർ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ 2011-12ലെ നികുതി വിവരങ്ങളും ആദായനികുതി വകുപ്പ് പുനഃപരിശോധിക്കും. കേസുമായി ബന്ധപ്പെട്ട ഹർജിയിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യവും നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.