Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേസ് മാർക്ക് നഷ്ടപ്പെടരുത്; ആഘോഷം ഒഴിവാക്കി കലോൽസവം നടത്താൻ സർക്കാർ

Oppana

തിരുവനന്തപുരം∙ വിവിധ ഭാഗങ്ങളിൽനിന്ന് എതിർപ്പുയർന്നതോടെ ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തില്‍ അംഗീകാരം നല്‍കി. കലോല്‍സവം നടത്തണമെന്ന ആവശ്യം ഉയർത്തി സൂര്യ കൃഷ്ണമൂര്‍ത്തി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആഘോഷമില്ലാതെ സ്കൂൾ കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കലോൽസവം നടത്തിപ്പിനോട് അധ്യാപകസംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 

വിദ്യാർഥികൾക്കു ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടാൻ സാധിക്കുന്ന വിധത്തിൽ ആർഭാടവും ആഘോഷവും ഇല്ലാതെ വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം എന്ന നിലയിൽ കലാ, ശാസ്ത്ര, കായിക മേളകൾ സംഘടിപ്പിക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥും അറിയിച്ചു. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഒഴിവാക്കി അർധവാർഷിക പരീക്ഷ നടത്താൻ സർക്കാർ നയതീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു.

കലോൽസവവും മറ്റും എങ്ങനെ നടത്തണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ 17നു ചേരുന്ന മാനുവൽ കമ്മിറ്റി യോഗം തീരുമാനിക്കും. അർധ വാർഷിക പരീക്ഷയുടെ വിശദാംശങ്ങൾ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോനിട്ടറിങ് കമ്മിറ്റി യോഗമാണ് തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു.